ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ച സംഭവം: ഇന്ത്യന്‍ എംബസി അന്വേഷണം ആവശ്യപ്പെട്ടു
Saturday, December 26, 2015 9:00 AM IST
വാഷിംഗ്ടണ്‍: ഹൈദരാബാദ് യുഎസ് കോണ്‍സുലേറ്റ് നല്‍കിയ എഫ് വണ്‍ സ്റുഡന്റ് വീസയും യൂണിവേഴ്സിറ്റിയില്‍ പ്രവേശനം ലഭിച്ചുവെന്ന് സാക്ഷ്യപ്പെടുത്തിയ 1-20 ഫോമുകളും ഉണ്ടായിട്ടും ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് പുറപ്പെട്ട 19 വിദ്യാര്‍ത്ഥികള്‍ക്ക് വിമാനത്തില്‍ പ്രവേശനം നിഷേധിച്ചതും ഇവിടെ പഠനം തുടര്‍ന്നിരുന്ന 14 വിദ്യാര്‍ഥികളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതുമായ സംഭവത്തെ കുറിച്ചു അന്വേഷണം നടത്തണമെന്ന് കലിഫോര്‍ണിയായിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു.

അതേ സമയം യൂണിവേഴ്സിറ്റി വിളിച്ചുകൂട്ടിയ രക്ഷാകര്‍ത്താക്കളുടെ യോഗത്തില്‍ സംഭവത്തില്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു.

കലിഫോര്‍ണിയ സിലിക്കണ്‍വാലി യൂണിവേഴ്സിറ്റി, ഫ്രിമോണ്ടിലെ നോര്‍ത്ത് വെസ്റേണ്‍ പോളിടെക്നിക്ക് എന്നീ വിദ്യാഭ്യാസ സ്ഥപാനങ്ങളിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. സിലിക്കന്‍ വാലിയിലെ ഈ രണ്ടു സ്ഥാപനങ്ങളേയും ബ്ളാക്ക് ലിസ്റില്‍ പെടുത്തി എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കോളജ് അധികൃതര്‍ രേഖകള്‍ നിരത്തി ചൂണ്ടികാട്ടി.

ഇമിഗ്രേഷന്‍ ഓഫീസര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാതിരുന്നതാണ് വിദ്യാര്‍ഥികളുടെ പേരില്‍ നടപടി സ്വീകരിക്കാനിടയായതെന്ന് ഇവര്‍ ചൂണ്ടികാട്ടി.

14 കുട്ടികളെ കഴിഞ്ഞ ആഴ്ചയിലും 19 പേരെ ഈ ആഴ്ചയിലും വിദ്യാഭ്യാസം തുടരുന്നതിനു അനുവദിക്കാതിരുന്നതില്‍ യുഎസ് ഇമിഗ്രേഷന്‍ സിസ്റത്തിന് ഏന്തോ തകരാറുള്ളതായും ഇവര്‍ പറയുന്നു.

യൂണിവേഴ്സിറ്റി പ്രസിഡന്റ് പീറ്റര്‍, വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവരുടെ യോഗത്തില്‍ ഉറപ്പു നല്‍കി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍