സാന്റാ അന്നയില്‍ ചെറുപുഷ്പ മിഷന്‍ലീഗിന് ദീപം തെളിഞ്ഞു
Saturday, December 26, 2015 4:29 AM IST
ലോസ്ആഞ്ചലസ്: സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയില്‍ ചെറുപുഷ്പ മിഷന്‍ലീഗിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. സ്നേഹം, ത്യാഗം, സേവനം, സഹനം എന്നീ തത്വങ്ങളില്‍ അധിഷ്ഠിതമായ ചെറുപുഷ്പ മിഷന്‍ലീഗ് (സിഎംഎല്‍) എന്ന കുട്ടികളുടെ ഭക്തസംഘടനകളുടെ ഔപചാരികമായ ഉദ്ഘാടനം വി. കുര്‍ബാനയ്ക്കുശേഷം ദേവാലയത്തിലെ പ്രാര്‍ത്ഥനാനിരതമായ ധന്യമുഹൂര്‍ത്തത്തില്‍ ഇടവക വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി ദീപം തെളിയിച്ച് നിര്‍വഹിച്ചു.

അമേരിക്കയിലെ എസ്വിഡി സഭയുടെ പ്രൊവിന്‍ഷ്യാള്‍ ഫാ. സോണി സെബാസ്റ്യന്‍, ഫാ. ബിജു മണ്ഡപം എസ്വിഡി, ഫാ. റോബിന്‍ പേണ്ടാനത്ത് എന്നിവരും സന്നിഹിതരായിരുന്നു.

മിഷന്‍ ലീഗ് ഡയറക്ടര്‍ ഫാ. ഇമ്മാനുവേല്‍ തന്റെ സന്ദേശത്തില്‍, വി. കൊച്ചുത്രേസ്യായുടെ ജീവിതമാര്‍ക്ഷം ഉള്‍ക്കൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയായി പ്രേക്ഷിതവേല ചെയ്ത് നന്മയുടെ വഴിയേ സഞ്ചരിക്കുവാന്‍ ഉത്ബോധിപ്പിച്ചു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ്- ഷീന്‍ ഷാജി, വൈസ് പ്രസിഡന്റ്- മൈക്കിള്‍ അബ്രഹാം, സെക്രട്ടറി- ഹൃതാ ആന്റണി, ജോ. സെക്രട്ടറി- മരിയാ ലിസ് ജിമ്മി, ട്രഷറര്‍- അരുണ്‍ മാത്യു എന്നിവര്‍ സ്ഥാനമേറ്റു. ഇടവകയിലെ ഓരോ വാര്‍ഡുകളില്‍ നിന്ന് മൂന്നു കോര്‍ഡിനേറ്റര്‍മാരെ വീതവും തെരഞ്ഞെടുത്തു.

ഓരോ ഭാരതീയന്റേയും ഹൃദയത്തില്‍ മുഴങ്ങി കേള്‍ക്കുന്ന ശബ്ദം 'ഭാരതമേ നിന്റെ രക്ഷ നിന്റെ സന്താനങ്ങളില്‍' എന്ന ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ സന്ദേശം ഉള്‍ക്കൊണ്ട് അഭിവന്ദ്യ ജയിംസ് കാളാശേരി പിതാവിന്റെ അനുഗ്രഹാശിസുകളോടെ 1947 ഒക്ടോബര്‍ മാസം കോട്ടയം ജില്ലയിലെ ഭരണങ്ങാനത്ത് മാര്‍ തോമസ് തറയില്‍ പിതാവ് ദീപം തെളിയിച്ച് ചെറുപുഷ്പ മിഷന്‍ ലീഗ് സ്ഥാപിച്ചു. ഇന്ന് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും സിഎംഎല്‍ കൊച്ചു കുട്ടികളിലൂടെ പ്രവര്‍ത്തിക്കുന്നു.

സാന്റാ അന്നാ യൂണീറ്റ് ജോയിന്റ് ഡയറക്ടര്‍ ജോവി ജോസഫ് തുണ്ടിയില്‍, ആനിമേറ്റര്‍ സിസ്റര്‍ ശാന്തി എംഎസ്ജെ, കൈക്കാരന്മാരായ ബിജു ആലുംമൂട്ടില്‍, ബൈജു വിതയത്തില്‍, സി.സി.ഡി പ്രിന്‍സിപ്പല്‍ നിക്സണ്‍ ഫിലിപ്പ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം