ജോയിച്ചന്‍ പുതുക്കുളം സപ്തതി നിറവില്‍
Saturday, December 26, 2015 4:27 AM IST
ഷിക്കാഗോ: പ്രവാസി പത്രപ്രവര്‍ത്തകന്‍ ജോയിച്ചന്‍ പുതുക്കുളം സപ്തതി നിറവില്‍. എഴുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് പുതുക്കുളം കുടുംബത്തില്‍ പിറന്ന ജോയിച്ചന്‍ എത്രയോദൂരം താണ്ടി ഇന്ന് സപ്തതിയുടെ നിറവില്‍ എത്തിനില്‍ക്കുന്നു. കാരുണ്യവാനായ ദൈവത്തിനു അന്ന് നന്ദിപറഞ്ഞുകൊണ്ട് കൂപ്പിയ കൈകള്‍ ഇന്നിതാ വീണ്ടും ഈ സമ്മോഹന വേളയില്‍ ഉയരുന്നു.

ശ്രീയേശുദേവനെ മനസില്‍ധ്യാനിച്ചു കൊണ്ട് നടക്കുന്ന അദ്ദേഹത്തിനു ആരോടും പരിഭവമില്ല. സ്നേഹത്തിന്റെ നാണയത്തുട്ടുകള്‍ കിലുങ്ങുന്ന മനസ് എപ്പോഴും നന്മയുടെ വഴിക്കാണ്. ജീവിതസാക്ഷാത്കാരത്തിന്റെ പ്രകാശം പരത്തികൊണ്ട് അദ്ദേഹം സംതൃപ്തിയുടെ ദിനരാത്രങ്ങളിലൂടെ കടന്ന്പൊയ്കൊണ്ടിരിക്കുന്നു. സമൂഹത്തിന്റെ നന്മലക്ഷ്യമാക്കുന്ന അദ്ദേഹത്തിന്റെ മനസ്സില്‍ ഉദിച്ച ആശയമാണ് 'ജോയിച്ചന്‍ പുതുക്കുളം ഡോട്ട്കോം' എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണം. അതിലൂടെ അനേകം എഴുത്തുകാരെ, വായനക്കാരെ, അഭ്യുദയകാംക്ഷികളെ അദ്ദേഹം കണ്ടുമുട്ടി. ഈ ലേഖകനും അങ്ങനെ ഇദ്ദേഹവുമായി പരിചയപ്പെടുകയായിരുന്നു.

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹത്തിന്റെ എഴുപതാം ജന്മദിനത്തെ ഞാന്‍ 69.99 എന്നാക്കുകയാണ്. ജോയിച്ചന്റെ വയസ് എഴുപതല്ല. അത് 69.99 ആണ്. ഒന്ന് നില്‍ക്കാന്‍ കൂടി കൂട്ടാക്കാതെ പ്രയാണം ചെയ്യുന്ന കാലത്തിന്റെ കൈകളില്‍ നിന്നും നമ്മള്‍ കവരുന്ന ആ ഒരു 0.01 ശതമാനത്തിനു മാധുര്യം ഏറെയാണ്.

റിപ്പോര്‍ട്ട്: സുധീര്‍ പണിക്കവീട്ടില്‍