സ്വര്‍ണത്തിളക്കവുമായി ഹനീന്‍ അന്താരാഷ്ട്ര കരാട്ടേ താരമായി
Thursday, December 24, 2015 7:03 AM IST
അബുദാബി: അബുദാബി സിറ്റി ഗോള്‍ഫ് ക്ളബ് അങ്കണത്തിലെ യുഎഇ റസ് ലിംഗ്, ജൂഡോ ആന്‍ഡ് കിക് ബോക്സിംഗ് ഫെഡറേഷന്‍ സ്റേഡിയത്തില്‍ നടന്ന വിന്നര്‍ കപ്പ് 2015 അന്തര്‍ ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ (കന്നിന്‍ജൂകു ഇന്റര്‍നാഷണല്‍ ഷോട്ടോക്കാന്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ്) കുമിത്തേ (ഫൈറ്റിംഗ്) വിഭാഗത്തില്‍ സ്വര്‍ണമെഡലും കത്താ (കരാട്ടേ ഫോംസ്) വിഭാഗത്തില്‍ വെള്ളി മെഡലും നേടി മലയാളി ബാലന്‍ മുഹമ്മദ് ഹനീന്‍ ശ്രദ്ധേയമായി.

ജപ്പാന്‍ ഷോട്ടോകാന്‍ കരാട്ടേ -ഡേ- കന്നിന്‍ജുകു ഓര്‍ഗനൈസേഷന്‍ യുഎഇയുടെ ആഭിമുഖ്യത്തില്‍ വിന്നര്‍ കരാട്ടേ ക്ളബ് അബുദാബി സംഘടിപ്പിച്ച വിന്നര്‍ കപ്പ് - 2015 കന്നിന്‍ജൂകു ഷോട്ടോകാന്‍ അന്തര്‍ദേശീയ കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കാനായി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി ഇരുപത്തിനാലോളം മത്സരാര്‍ഥികളില്‍ ഏക മലയാളിയായിരുന്നു പത്തുവയസുകരാനായ മുഹമ്മദ് ഹനീന്‍. ഇത് ഹനീന് തുടര്‍ച്ചയായ നാലാമത് നേട്ടമാണ്.

2011 മുതല്‍ 2015 വരെ യുഎഇയില്‍ നടന്ന വിവിധ ദേശീയ അന്തര്‍ദേശീയ കരാട്ടേ മത്സരങ്ങളില്‍ ഹനീന്‍ പങ്കെടുത്ത് സുവര്‍ണ നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

തൃശൂര്‍ ജില്ലയിലെ ചിറമനേങ്ങാട് പന്നിത്തടം കോണ്‍കോഡ് ഇംഗ്ളീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാലാം വിദ്യാര്‍ഥിയായ മുഹമ്മദ് ഹനീന്‍ പെരുമ്പിലാവ് പള്ളിക്കുളം സ്വദേശികളായ ഹക്കീം പള്ളിക്കുളത്തിന്റേയും ഖദീജയുടെയും മകനാണ്. ഫാത്തിമ ഹനാന്‍, അഹ്മദ് അമീന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള