'ഹെല്‍ത്തി ലൈഫ് ഹാപ്പി ലൈഫ്' രക്തദാന ക്യാമ്പ് നടത്തി
Monday, December 21, 2015 7:31 AM IST
റിയാദ്: രക്തദാനം ഏറ്റവും മഹനീയമായ മാനവസേവന പ്രവൃത്തിയാണെന്നും രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ച് സമൂഹത്തില്‍ ഇതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ അഭിനന്ദനീയമാണെന്നും റിയാദ് കിങ് ഫഹദ് മെഡിക്കല്‍ സിറ്റി ബ്ളഡ് ബാങ്ക് മേധാവിയും സ്പെഷ്യല്‍ കണ്‍സള്‍ട്ടന്റുമായ ഡോ.ഇംറാന്‍ അഹദ് പക്ത പറഞ്ഞു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജ്യണല്‍ കമ്മിറ്റി കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ചു നടത്തിയ രക്തദാന ക്യാമ്പിന് ആശംസകള്‍ നേര്‍ന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹെല്‍ത്തി ലൈഫ് ഹാപ്പി ലൈഫ് എന്ന പേരില്‍ നടത്തുന്ന ആരോഗ്യ ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായിട്ടായിരുന്നു ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ നടന്ന ക്യാമ്പില്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നാന്നൂറോളം പേര്‍ രക്തം ദാനം ചെയ്യാനെത്തി. 300 യൂണീറ്റ് രക്തമാണ് കിങ് ഫഹദ് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതെങ്കിലും 400 യൂണീറ്റിന് അടുത്ത് രക്തം നല്‍കാന്‍ സാധിച്ചതായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജണല്‍ പ്രസിഡന്റ് ഇല്യാസ് തിരൂര്‍ അറിയിച്ചു. രക്തദാനത്തിന്റെ പ്രാധാന്യവും മഹത്വവും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ സാധിച്ചതിനൊപ്പം അപൂര്‍വ്വ നെഗറ്റീവ് ഗ്രൂപ്പുകളില്‍പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കാനും ക്യാമ്പ് ഉപകാരപ്പെട്ടതായി റീജണല്‍ സെക്രട്ടറി ജുനൈദ് പറഞ്ഞു. ഉപജീവനം തേടുന്ന രാഷ്ട്രത്തോടുള്ള ഐക്യദാര്‍ഢ്യം എന്ന ലക്ഷ്യത്തോടെയായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചതെന്നും ഇന്ത്യന്‍ പ്രവാസി സമൂഹവും കിങ് ഫഹദ് ആശുപത്രി അധികൃതരും നല്ല രീതിയില്‍ ഇതിനോടു സഹകരിച്ചതായും കാമ്പയിന്‍ കോ-ഓര്‍ഡിനേറ്റര്‍ അന്‍സാര്‍ ചങ്ങനാശേരി പറഞ്ഞു. റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ക്യാമ്പിലെത്തുന്നതിനായി വാഹന സൌകര്യവും രക്തദായകര്‍ക്കു ഭക്ഷണവും കിംഗ് ഫഹദ് ആശുപത്രിയില്‍ ഒരുക്കിയിരുന്നു. ഒന്നര മാസം നീണ്ടുനില്‍ക്കുന്ന ആരോഗ്യ ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായി ദൈനംദിന വ്യായാമ മുറകളുടെ പ്രദര്‍ശനം, ക്രിക്കറ്റ്, ഫുട്ബോള്‍ ടൂര്‍ണമെന്റ്, കായിക മത്സരങ്ങള്‍, സ്ത്രീകള്‍ക്കായുള്ള ബോധവത്കരണ സെമിനാര്‍, ആരോഗ്യപൂര്‍ണമായ ജീവിതത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളുള്‍ക്കൊള്ളിച്ച ലഘുലേഖാ വിതരണം തുടങ്ങി വിവിധ പരിപാടികള്‍ നടന്നുവരികയാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍