സീറോ മലബാര്‍ കത്തീഡ്രലില്‍ കാരുണ്യ വര്‍ഷാചരണം
Monday, December 21, 2015 7:29 AM IST
ഷിക്കാഗോ: പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ 2015 ഡിസംബര്‍ എട്ടുമുതല്‍ ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ദിനമായ 2016 നവംബര്‍ 20 വരെ കരുണയുടെ പ്രത്യേക ജൂബിലി വര്‍ഷമായി ആചരിക്കാന്‍ ഫ്രാന്‍സീസ് മാര്‍പാപ്പ ആഹ്വാനം ചെയ്തതനുസരിച്ച് ലോകമെമ്പാടുമുള്ള കത്തോലിക്കര്‍ കാരുണ്യവര്‍ഷാരംഭം സമുചിതമായി ആചരിച്ചു.

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് ആഘോഷപൂര്‍വ്വമായ ഈ കര്‍മ്മത്തിന് നേതൃത്വം നല്‍കി. കരുണയുടെ കവാടം തുറക്കല്‍ അതിഭക്തിപുരസരം പിതാവ് നിര്‍വഹിച്ചു. ഈ കവാടത്തിലൂടെ കടന്നുവരുന്ന ഏവര്‍ക്കും ദണ്ഡവിമോചനത്തിനായുള്ള അനുഗ്രഹപ്രാപ്തി ലഭ്യമാകുമെന്ന മാര്‍പാപ്പയുടെ പ്രഖ്യാപനം പിതാവ് ഈ അവസരത്തില്‍ ഏവരെയും ഓര്‍മിപ്പിച്ചു.

തുടര്‍ന്നു ആഘോഷമായി മറ്റു വൈദികരോടും ഇടവക ജനങ്ങളോടുമൊപ്പം ദേവാലയത്തില്‍ പ്രവേശിച്ച പിതാവ് തിരിതെളിയിച്ചുകൊണ്ട് കാരുണ്യവര്‍ഷ ജൂബിലി ആരംഭിച്ചതായി പ്രഖ്യാപിച്ചു. ഇടവക വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസി. വികാരി ഫാ. സെബി ചിറ്റിലപ്പള്ളി, ഫിനാന്‍സ് ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി, ഫാ. സ്റീഫന്‍ കണിപ്പള്ളി എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.

തുടര്‍ന്നുള്ള ആഘോഷമായ ദിവ്യബലിമധ്യേ ഏവരേയും കൂടുതലായി പരസ്പര സ്നേഹത്തിലും, കാരുണ്യത്തിലും പ്രവര്‍ത്തിക്കുവാന്‍ പിതാവ് ആഹ്വാനം ചെയ്തു. കരുണയുടെ ശാരീരികവും, ആധ്യാത്മികവുമായ പ്രവര്‍ത്തികള്‍ ഓരോന്നും സഭ എപ്രകാരം വിശദീകരിക്കുന്നുവെന്നും, ഇവയെല്ലാം എപ്രകാരം ജീവിതത്തില്‍ അനുവര്‍ത്തിക്കണമെന്നും പിതാവ് വിശ്വാസികളെ ലളിതമായ ഭാഷയില്‍ അറിയിച്ചു. തീര്‍ഥാടനം, അനുരഞ്ജന കൂദാശ, നോയ്സ് എന്നിവയെല്ലാം പ്രത്യേകാനുഗ്രഹലബ്ധിക്കായി സഹായിക്കുമെന്നും പിതാവ് പറഞ്ഞു. എല്ലാ കുടുംബങ്ങളിലേക്കും കാരുണ്യവര്‍ഷത്തെ പ്രത്യേക പ്രാര്‍ഥന സന്ധ്യാപ്രാര്‍ഥനയോടൊപ്പം അര്‍പ്പിക്കേണ്ടതിലായി നല്‍കുകയും ചെയ്തു. ബീനാ വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം