ലഹരി പദാര്‍ഥങ്ങളുടെ ഉദ്പാദനവും വില്പനയും ഉപയോഗവും നവീകരണ പ്രമാണങ്ങള്‍ക്ക് വിരുദ്ധം: ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത
Saturday, December 19, 2015 9:17 AM IST
ന്യൂയോര്‍ക്ക്: ലഹരി പദാര്‍ഥങ്ങളുടെ ഉദ്പാദനത്തിനും വില്പനയ്ക്കും ഉപയോഗത്തിനും പ്രോത്സാഹനം നല്‍കുന്നത് അഭലക്ഷണീയമല്ലെന്നും ഇതും നാം ഉദ്ഘോഷിക്കുന്ന നവീകരണ പ്രമാണങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് മാര്‍ത്തോമ സഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.

ഈ ദുരവസ്ഥയെക്കുറിച്ച് അവബോധം വര്‍ധിപ്പിക്കുന്നതിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനും സഭ ജനുവരി 10ന് ലഹരി വിരുദ്ധ ദിനമായി ആചരിക്കണമെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതിന് മദ്യവര്‍ജന റാലികള്‍, പദയാത്രകള്‍, പൊതുയോഗങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ചു. ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഉത്തരവാദിത്തം സഭാ ജനങ്ങള്‍ ഏറ്റെടുക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പള്ളിവക ഹാളുകളിലും പരിസരങ്ങളിലും വിവാഹം, ഭവന കൂദാശ തുടങ്ങിയ സല്‍ക്കാരങ്ങളില്‍ മദ്യവും പുകവലിയും കര്‍ശനമായി നിരോധിക്കണം. സഭാംഗങ്ങള്‍ മദ്യത്തിനും മയക്കുമരുന്നിനും വിധേയരാകരുതെന്നും സഭാംഗമല്ലാത്ത സഹോദരങ്ങളെ മദ്യാസക്തിയില്‍നിന്നും സ്വതന്ത്രരാക്കുന്നതിനും നമുക്ക് ചുമതലയും കടപ്പാടുമുണ്െടന്നും ഡോ. ജോസഫ് മാര്‍ത്തോമ ചൂണ്ടിക്കാട്ടി. മദ്യപാനികളെ സഭയുടെ ചുമതല സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കരുതെന്നും ഇത്തരക്കാര്‍ ആരെങ്കിലും തെരഞ്ഞെടുക്കപ്പെട്ടതായി ചൂണ്ടിക്കാണിച്ചാല്‍ അവരെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യപാനത്തില്‍നിന്നും സമൂഹത്തെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഫലവത്താക്കുന്നതിന് പ്രത്യേക പ്രാര്‍ഥനകള്‍ നടത്തണമെന്നും ഡോ. ജോസഫ് മാര്‍ത്തോമ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍