കെഎച്ച്എന്‍എ 'തത്ത്വമസി' പുരസ്കാരം നല്‍കുന്നു
Thursday, December 17, 2015 7:09 AM IST
ഷിക്കാഗോ: ഒരു മലയാളി സാഹിത്യകാരന് 'തത്ത്വമസി' പുരസ്കാരം നല്‍കി ആദരിക്കാന്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഭരണസമിതി തീരുമാനിച്ചു. സാമൂഹ്യനന്മ ലക്ഷ്യമിടുന്ന എഴുത്തുകാരെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്നു പ്രസിഡന്റ് സുരേന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 2015- 16 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച /പ്രസിദ്ധീകരിക്കുന്ന കൃതികളില്‍ നിന്നു തെരഞ്ഞെടുക്കപ്പെടുന്ന കൃതികര്‍ത്താവായ എഴുത്തുകാരനായിരിക്കും നല്‍കുക. ജാതിമത ചിന്തകള്‍ക്കതീതമായി എല്ലാ സാഹിത്യരൂപങ്ങളേയും പരിഗണിക്കുന്ന മലയാളത്തിലെ ഉന്നത പുരസ്കാരങ്ങളിലൊന്നായ 'തത്വമസി'യുടെ ജേതാക്കളെ തെരഞ്ഞെടുക്കുന്ന വിധിനിര്‍ണ്ണയ സമിതിയുടെ അധ്യക്ഷന്‍ മലയാളത്തിലെ പ്രശസ്തനായ കഥാകാരനും വൈജ്ഞാനിക സാഹിത്യകാരനുമായ സി. രാധാകൃഷ്ണന്‍ ആയിരിക്കും.

കൂടാതെ മലയാള സാഹിത്യത്തിലെ സൈദ്ധാന്തിക സംവാദങ്ങളിലെ സജീവ സാന്നിധ്യമായ ആഷാ മേനോനും, പ്രസിദ്ധ കവിയും സാഹിത്യകാരനുമായ പി. നാരായണക്കുറുപ്പുമായിരിക്കും മറ്റു വിധികര്‍ത്താക്കള്‍. കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക അടുത്ത രണ്ടുവര്‍ഷത്തേയ്ക്കുള്ള സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കും, പുരസ്കാര സമര്‍പ്പണത്തിന്റെ തുടര്‍നടപടികള്‍ക്കുമായി രാധാകൃഷ്ണന്‍ നായര്‍ (ഷിക്കാഗോ), ഡോ. വേണുഗോപാല്‍ മേനോന്‍ (ഹൂസ്റണ്‍), ഗോവിന്ദന്‍കുട്ടി നായര്‍ (കാലിഫോര്‍ണിയ), ഡോ. സുശീല രവീന്ദ്രനാഥ് (ഫ്ളോറിഡ), ഡോ. എ.കെ.ബി. പിള്ള (ന്യൂയോര്‍ക്ക്) എന്നിവര്‍ അടങ്ങിയ ലിറ്റററി കമ്മിറ്റിയെയും തെരഞ്ഞെടുത്തതായി സെക്രട്ടറി രാജേഷ് കുട്ടി അറിയിച്ചു. സതീശന്‍ നായര്‍ ഒരു വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം