ക്രിസ്മസിനെ വരവേല്‍ക്കാന്‍ ന്യൂജേഴ്സിയിലെ മലയാളി ക്രിസ്ത്യന്‍ സമൂഹം
Wednesday, December 16, 2015 7:47 AM IST
വെസ്റ് ഓറഞ്ച്: രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പു ഭൂജാതനായ യേശുക്രിസ്തുവിന്റെ തിരുജനനം കൊണ്ടാടുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ന്യൂജേഴ്സി ഒരുങ്ങുന്നു. എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഓഫ് ന്യൂജേഴ്സിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആഘോഷപരിപാടികള്‍ക്കു വെസ്റ് ഓറഞ്ചിലുള്ള ലിബര്‍ട്ടി മിഡല്‍ സ്കൂള്‍ വേദിയാകും.

ന്യൂജേഴ്സിയിലെ വിവിധ ക്രൈസ്തവ സഭകളിലെ വിവിധ ദേവാലയങ്ങളില്‍നിന്നായി മിശിഹായുടെ തിരുജനനത്തെ അനുസ്മരിപ്പിക്കുന്ന കരോള്‍ ഗാനങ്ങളും, നൃത്താവിഷ്കാരങ്ങളും ദൃശ്യമനോഹരമായ വിവിധയിനം പരിപാടികളും ക്രിസ്മസ് ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടും. ഈ വര്‍ഷത്തെ ആഘോഷപരിപാടികള്‍ക്ക് മുഖ്യാതിഥിയായി എത്തുന്നത് ന്യൂജേഴ്സി എക്യുമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ മുന്‍ പ്രസിഡന്റും ഷിക്കാഗോ ആസ്ഥാനമായ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനുമായ മാര്‍ ജോയി ആലപ്പാട്ട് ആണ്.

ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. റവ.ഫാ. സണ്ണി ജോസഫ് പ്രസിഡന്റായും, സെക്രട്ടറിയായി ഡോ. സോഫി വില്‍സണും, കണ്‍വീനര്‍മാരായി ഫാ. ജേക്കബ് ക്രിസ്റി, ഫാ. തോമസ് കൊട്ടുകാപ്പിള്ളില്‍, ട്രഷറര്‍ ഷൈലജ ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.

ഡിസംബര്‍ 27-ന് ഞായറാഴ്ച ഉച്ചയ്ക്ക് 2.30-നു വര്‍ണ്ണാഭമായ ഘോഷയാത്രയില്‍ വിശിഷ്ടാതിഥികളെ വരവേല്‍ക്കുന്നതോടെ പരിപാടികള്‍ക്ക് തുടക്കംകുറിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. സണ്ണി ജോസഫ് (718 477 2083), ഡോ. സോഫി വില്‍സണ്‍ (848 250 5992).

റിപ്പോര്‍ട്ട്: സജി കീക്കാടന്‍