കെഎംസിസി ബഹറിന്‍ ദ്വിദിന സമൂഹ രക്തദാന ക്യാമ്പ് 16, 18 തീയതികളില്‍
Monday, December 14, 2015 10:21 AM IST
മനാമ: ബഹറിന്‍ നാല്പത്തിനാലാമത് ദേശീയ ദിനത്തോടനുബന്ധിച്ച് കെഎംസിസി ബഹറിന്‍ നടത്തുന്ന പത്താമത് രക്തദാന ക്യാമ്പ് ഡിസംബര്‍ 16ന് (ബുധന്‍) ദേശീയ ദിനത്തില്‍ രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ മനാമ സല്‍മാനിയ മെഡിക്കല്‍ സെന്ററിലും പതിനൊന്നാമത് രക്തദാന ക്യാമ്പ് 18 ന് (വെള്ളി) ബഹറിന്‍ ബിഡിഎഫ് ഹോസ്പിറ്റലിലും നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ബഹറിന്‍ ആരോഗ്യമന്ത്രാലയവുമായും ബഹറിന്‍ ഡിഫന്‍സ് ഹോസ്പിറ്റലുമായും സഹകരിച്ച് മിഡില്‍ ഈസ്റ്റിലെ പ്രമുഖ ട്രാവല്‍ സ്കൂള്‍ ബാഗ് നിര്‍മാതാക്കളായ പാരാജോണിന്റെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

രക്തദാന സേവനത്തിന് നൂതന സാങ്കേതികവിദ്യ കൂടുതല്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക ആപ്ളിക്കേഷന്‍ കെഎംസിസി ബഹറിന്‍ ബ്ളഡ് ബുക്ക് ജനുവരി ഒന്നിന് പവിഴ ദ്വീപിന് സമര്‍പ്പിക്കുമെന്നു ഭാരവാഹികള്‍ പറഞ്ഞു.

ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തുന്ന ക്യാമ്പിന്റെ വിജയത്തിനായി 51 അംഗ പ്രത്യേക ടീമും വിവിധ സബ് കമ്മിറ്റികളും പ്രവര്‍ത്തിച്ചുവരുന്നു. ബഹറിന്റെ വിവിധ ഏരിയകളില്‍നിന്നായി സ്ത്രീകള്‍ അടക്കമുള്ള നിരവധി പേര്‍ ഇതിനകം രജിസ്റര്‍ ചെയ്തുകഴിഞ്ഞു.

അപകടം, രോഗം തുടങ്ങിയവ കാരണം രക്തം നഷ്ടപ്പെട്ട് മരണത്തെ അഭിമുഖീകരിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടത്തുന്ന ഈ മഹത് സംരംഭത്തിന്റെ കഴിഞ്ഞ കാല പ്രവര്‍ത്തനത്തിലൂടെ രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യാപകമായ സന്ദേശം സ്വദേശികളും വിദേശികളുമായ ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞു എന്നതാണു ജീവസ്പര്‍ശം എന്ന പേരില്‍ കെഎംസിസി നടത്തുന്ന രക്തദാന ക്യാമ്പിന്റെ സവിശേഷത.

ബഹറിന്‍ ദേശീയ ദിനത്തിലും ശിഹാബ് തങ്ങള്‍ അനുസ്മരണ ദിനത്തിലും മറ്റ് അടിയന്തര ഘട്ടങ്ങളിലും രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ബഹറിന്‍ ആരോഗ്യ വകുപ്പ് അധികൃതരുടേയും ഇന്ത്യന്‍ എംബസിയുടേയും പ്രശംസ നേടാന്‍ കെഎംസിസിക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളികളോടൊപ്പം ഇന്ത്യയിലെ ഇതര സംസ്ഥാന പ്രവാസികളും പാക്കിസ്ഥാന്‍, ബംഗ്ളാദേശ്, നേപ്പാള്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യക്കാരും സ്വദേശികളും രക്തദാതാക്കളായി എത്താറുണ്ട്.

അത്യാവശ്യഘട്ടങ്ങളില്‍ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്തദാന ഡയറക്ടറിയും വെബ്സൈറ്റും പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ കെഎംസിസി ബ്ളഡ് ഗ്രൂപ്പ് എന്ന് ടൈപ്പ് ചെയ്ത് 39841984, 39881099 എന്നീ നമ്പറുകളിലേക്ക് എസ്.എം.എസ് അയച്ചാലും തല്‍സമയ രക്തദാന സേവനം നടത്തി വരുന്നു.

ബുധനാഴ്ചയും വെള്ളിയാഴ്ച്ചയും നടത്തുന്ന ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 39841984, 33161984, 39881099 എന്നീ നമ്പറുകളിലും സൌജന്യ വാഹനം ലഭിക്കേണ്ട വര്‍ 33782478, 33744272 എന്നീ നമ്പറുകളിലും ബന്ധപ്പെടേണ്ട താണ്.

കെഎംസിസി ഭാരവാഹികളായ റസാഖ് മൂഴിക്കല്‍, ഗഫൂര്‍ കൈപ്പമംഗലം, എ.പി.ഫൈസല്‍, ശാഫി പാറക്കട്ട, കെ.എം. സൈഫുദ്ദീന്‍, ഫൈസല്‍ കോട്ടപ്പള്ളി, സലാം മമ്പാട്ട്മൂല, പാരാജോണ്‍ കണ്‍ട്രി മാനേജര്‍ പി. അമീര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.