'കേരളത്തില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുക'
Monday, December 14, 2015 9:10 AM IST
അബാസിയ: രാജ്യത്ത് അസഹിഷ്ണുത പടരുകയും സാമുദായിക നേതാക്കളുടെ പ്രസ്താവനകള്‍ വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമം നടക്കുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തില്‍ കേരളത്തിന്റെ മതസൌഹാര്‍ദത്തിനും സാഹോദര്യത്തിനും വിള്ളല്‍ വീഴാതിരിക്കാന്‍ കേരള ജനത അതീവ ജാഗ്രത പാലിക്കണമെന്നും അത്തരം ധ്രുവീകരണ ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണമെന്നും യൂത്ത് ഇന്ത്യ ജാഗ്രതസദസ് അഭിപ്രായപ്പെട്ടു.

'സാമുദായിക ധ്രുവീകരണം: കേരളത്തെ പിളര്‍ത്തരുത്' എന്ന തലക്കെട്ടില്‍ അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം യൂസുഫ് ഉമരി മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണ ഗുരുവിനെയും വക്കം മൌലവിയെയും പോലെയുള്ള മഹാ പരിഷ്കര്‍ത്താക്കള്‍ ഒരുമിച്ചുനിന്നാണു കേരളത്തെ സാംസ്കാരികമായി ഉയര്‍ത്തിയത്. അതുകൊണ്ട് തന്നെ അത്തരം മാനവിക നൈതിക മൂല്യങ്ങളെ മുറുകെപിടിച്ചു കേരളീയ സമൂഹം മുന്നോട്ട് പോകും എന്നതിനു അനുഭവങ്ങള്‍ സാക്ഷിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

യുത്ത് ഇന്ത്യ കുവൈത്ത് പ്രസിഡന്റ് റഫീക്ക് ബാബു അധ്യക്ഷത വഹിച്ചു. ജാഗ്രതാ സദസില്‍ കുവൈത്തിലെ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരായ ടി.വി. ഹിക്മത്ത്, സജീവ് നാരായണന്‍, ചെസില്‍ രാമപുരം, ചാക്കോ ജോര്‍ജ് കുട്ടി, ഫാറൂഖ് ഹമദാനി, അന്‍വര്‍ സയിദ്, സത്താര്‍ കുന്നില്‍, ഫൈസല്‍ മഞ്ചേരി എന്നിവര്‍ സംബന്ധിച്ചു. പരിപാടിയില്‍ യൂത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി പി.ടി. ഷാഫി സ്വാഗതം പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍