കേരളത്തിലെ മത സ്ഥാപനങ്ങള്‍ ആധുനിക വത്കരിക്കണം: റഷീദലി ശിഹാബ് തങ്ങള്‍
Friday, December 11, 2015 8:23 AM IST
മനാമ: കേരളത്തിലെ മത സ്ഥാപനങ്ങളെല്ലാം ആധുനികവത്കരിക്കണമെന്ന് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയിദ് റഷീദലി ശിഹാബ് തങ്ങള്‍. ഡബ്ള്യുഎംഒ ബഹറിന്‍ ചാപ്റ്റര്‍ എച്ച്ആര്‍ഡി വിംഗ് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ മത സ്ഥാപനങ്ങളെല്ലാം ഇന്നും പഴഞ്ചന്‍ രീതിയിലാണ് തുടരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാലഘട്ടത്തിനൊപ്പം ഇവയും മാറ്റങ്ങള്‍ സ്വീകരിക്കേണ്ടതുണ്െടന്നും അതിന് പ്രവാസികള്‍ സാമ്പത്തികമായും ബൌദ്ധികമായും സഹായിക്കണമെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു.

വഖഫ് ബോര്‍ഡിനു കീഴില്‍ രജിസ്റര്‍ ചെയ്തതും ബോര്‍ഡ് നിരീക്ഷിക്കുന്നതുമായ നിരവധി സ്ഥാപനങ്ങള്‍ ഇന്നു കേരളത്തിലുണ്െടങ്കിലും മറ്റു സ്ഥാപനങ്ങള്‍ക്ക് പരിചയപ്പെടുത്താനോ മാതൃകയാക്കാനോ ചൂണ്ടിക്കാണിക്കാന്‍ പറ്റുന്ന ഒരു സ്ഥാപനവും നിലവിലില്ലെന്നും തങ്ങള്‍ പറഞ്ഞു.

കേരളത്തിലെ അംഗീകൃത മതപരിവര്‍ത്തന കേന്ദ്രങ്ങളിലൊന്നായ പൊന്നാനി മൌനത്ത് സ്ഥാപനത്തില്‍ വഖഫ് ബോര്‍ഡ് സന്ദര്‍ശനം നടത്തിയപ്പോള്‍ ആ സ്ഥാപനത്തിന്റെ പരിതാപകരമായ അവസ്ഥയാണു കാണാന്‍ കഴിഞ്ഞതെന്നും തങ്ങള്‍ എടുത്തു പറഞ്ഞു.

ഈ കംപ്യൂട്ടര്‍ യുഗത്തിലും മൂന്നൂറോളം പ്രോപ്പര്‍ട്ടികള്‍ ഉള്ള ഈ സ്ഥാപനത്തില്‍ ഒരു കംപ്യൂട്ടര്‍ പോലുമില്ലെന്നതുതന്നെ അത്ഭുതപ്പെടുത്തിയെന്നും തങ്ങള്‍ വിശദീകരിച്ചു. ഇത്തരം സ്ഥാപനങ്ങളുടെ മാനേജ്മെന്റിനെ കുറ്റപ്പെടുത്തുകയല്ല, മാറി മാറി വരുന്ന ഭരണാധികാരികള്‍ അനുവദിക്കുന്ന ഫണ്ടുകള്‍ ആവശ്യാനുസരണം വിനിയോഗിക്കുമ്പോള്‍ തങ്ങളുടെ സ്ഥാപനത്തിന്റെ പുരോഗതിയെക്കുറിച്ചും ചിന്തിക്കേണ്ടതുണ്െടന്നും വൈകാതെ ഈ സ്ഥാപന മേധാവികളുമായി ബോര്‍ഡ് മീറ്റിംഗ് നടത്തുമെന്നും തങ്ങള്‍ അറിയിച്ചു.

വര്‍ഷങ്ങള്‍ പഴക്കമുള്ള ഇത്തരം സ്ഥാപനങ്ങളെ സാമ്പത്തികമായും ബൌദ്ധികമായും സഹായിച്ച് പുരോഗതിയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രവാസികള്‍ അക്കാര്യം ശ്രദ്ധിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

നാട്ടിലെ വിവിധ സ്ഥാപനങ്ങളില്‍ തുടരുന്ന ഇത്തരം ദുരവസ്ഥകള്‍ക്ക് ഒരു മാറ്റം വരാനുള്ള നല്ല തുടക്കമാണ് വയനാട് മുസ്ലിം യതീംഖാനയുടെ ബഹറിന്‍ ചാപ്റ്റര്‍ എച്ച്ആര്‍ഡി രൂപീകരണമെന്നും ഐഎഎസ് പോലുള്ള അക്കാഡമിക് മേഖലയിലേക്ക് ചിന്തിക്കുന്നവരെ വളര്‍ത്തിയെക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു. ചടങ്ങില്‍ സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങളും ഡബ്ള്യുഎംഒ ഭാരവാഹികളും സംബന്ധിച്ചു.