മെഗാ കായികമേള 'സ്പോര്‍ട്ടിവോ - 2015' ഡിസംബര്‍ 11ന്
Thursday, December 10, 2015 8:00 AM IST
ദമാം: യൂത്ത് ഇന്ത്യ ദമാം, അല്‍കോബാര്‍, ജുബൈല്‍ ചാപ്റ്ററുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ കായികമേള 'സ്പോര്‍ട്ടിവോ 2015' നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

ഡിസംബര്‍ 11ന് (വെള്ളി) ദമാം-അല്‍കോബാര്‍ ഹൈവേയിലുള്ള അല്‍നഹ്ദ ക്ളബ് ഓഡിറ്റോറിയത്തിലാണ് സ്പോര്‍ട്ടിവോ 2015 അരങ്ങേറുക. സൌദി കിഴക്കന്‍ പ്രവിശ്യയിലെ 16 ക്ളബുകളില്‍നിന്നായി ആയിരത്തോളം കായികതാരങ്ങള്‍ സ്പോര്‍ട്ടിവോയില്‍ മാറ്റുരയ്ക്കും.

രാവിലെ ഏഴിന് നടക്കുന്ന മാര്‍ച്ച് പാസ്റോടുകൂടിയാണു മത്സരങ്ങള്‍ക്കു തുടക്കം കുറിക്കുക. പത്ത് വ്യക്തിഗത ഇനങ്ങളും അഞ്ച് ഗ്രൂപ്പ് ഇനങ്ങളും ഉള്‍പ്പെടെ 15 വിഭാഗത്തിലാണ് മത്സരം.

വ്യക്തിഗത ഇനങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കു മെഡലും ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. ഗ്രൂപ്പ് ഇനങ്ങളിലെ ജേതാക്കള്‍ക്ക് മെഡലും സാക്ഷ്യപത്രവും നല്‍കും. സ്പോര്‍ട്ടിവോയില്‍ ആദ്യ മൂന്ന് സ്ഥാനത്തെത്തുന്ന ക്ളബുകള്‍ക്ക് ട്രോഫിക്കു പുറമേ കാഷ് പ്രൈസും സമ്മാനിക്കും.

സൌദി കിഴക്കന്‍ പ്രവിശ്യയിലെ സാംസ്കാരിക വിദ്യാഭ്യാസ കായികരംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തിക്കൊണ്ടാണു സ്പോര്‍ട്ടിവോയുടെ സ്വാഗതസംഘം രൂപീകരിച്ചിട്ടുള്ളത്.

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പത്ത് റിയാലാണു രജിസ്ട്രേഷന്‍ ഫീസ്. മത്സരാര്‍ഥികള്‍ക്ക് ഭക്ഷണം സംഘാടകര്‍ ക്രമീകരിച്ചിട്ടുണ്ട്. കാണികള്‍ക്കു പ്രവേശനം സൌജന്യമാണ്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം