ഡോ. തോമസ് മംഗലപ്പള്ളിക്കും ഡോ. ദേവസി ജോസഫിനും ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അവാര്‍ഡ്
Wednesday, December 9, 2015 10:18 AM IST
മസ്കറ്റ്: ഡോ. തോമസ് മംഗലപ്പള്ളിയേയും ഡോ. ദേവസി ജോസഫിനെയും ഒമാന്‍ ആരോഗ്യ മന്ത്രാലയം ആദരിച്ചു.

നാല്പത്തഞ്ചാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് വിവിധ മേഖലകളില്‍ മികവു തെളിയിച്ചിട്ടുള്ളവരെ ആദരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയില്‍ പ്രാക്ടീസ് ചെയ്യുന്ന അഞ്ചു ഡോക്ടര്‍മാരെയാണ് ആദരിച്ചത്. ഇതില്‍ ഒരു ഒമാനി ഡോക്ടറും ഒമാനി പാസ്പോര്‍ട്ട് ഉള്ള പാലസ്തീന്‍ ഡോക്ടറും മൂന്ന് ഇന്ത്യക്കാര്‍ക്കുമാണ് അവാര്‍ഡ്. മുംബൈ സ്വദേശിയായ ഡോ.രാജേന്ദ്ര പാരേഖ് ആണ് മൂന്നാമത്തെ ഇന്ത്യക്കാരന്‍.

മസ്കറ്റ് ക്രൌണ്‍പ്ളാസ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡോ. തോമസ് മംഗലപ്പള്ളിയും ഡോ.ദേവസി ജോസഫും ആരോഗ്യ മന്ത്രി അഹമ്മദ് മൊഹമ്മദ് അല്‍സായിദിയില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. അണ്ടര്‍ സെക്രട്ടറിമാരുള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കൂടുതല്‍ കാലം രാജ്യത്ത് നിസ്വാര്‍ഥ സേവനം ചെയ്തത് കണക്കിലെടുത്താണ് അംഗീകാരം.

ചങ്ങനാശേരി പുളിങ്കുന്ന് വാച്ചാപറമ്പില്‍ മംഗലപ്പള്ളി കുടുംബാംഗമായ ഡോ.തോമസ് 30 വര്‍ഷമായി ഒമാനില്‍ സേവനം അനുഷ്ഠിക്കുന്നു. ഇപ്പോള്‍ ഗാലയില്‍ അല്‍മഹാ പോളിക്ളിനിക് നടത്തുന്നു. ഭാര്യ: ഡോ. മീന. മക്കള്‍ റോസ്,റോഹന്‍.

38 വര്‍ഷമായി ഒമാനിലുള്ള ഡോ. ദേവസി ഒമാനില്‍ നിന്നും നൂറു കിലോമീറ്റര്‍ മാറി മസ്കറ്റ് നിസ്വ റൂട്ടില്‍ സുമയിലില്‍ സുമയില്‍ മെഡിക്കല്‍ ക്ളിനിക് എന്ന സ്ഥാപനം നടത്തുന്നു. എറണാകുളത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള ഡോ. ദേവസി കോതമംഗലം കോലഞ്ചേരില്‍ കുടുംബാംഗമാണ്. ഭാര്യ: ബേബി. മക്കള്‍: റോസ്മോള്‍, ജോസ്, ഡേവിസ്, ലിസ.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം