സാന്‍ഫോര്‍ഡ് ഖാലിദിയ മേള: ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കു വ്യാഴാഴ്ച തുടക്കം
Wednesday, November 25, 2015 8:00 AM IST
ദമാം: ഖാലിദിയ സ്പോര്‍ട്സ് ക്ളബിന്റെ പതിനാറാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു വരുന്ന സാന്‍ഫോര്‍ഡ് ഖാലിദിയ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ അവസാനിച്ചു.

വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ബിപിഎല്‍ കാര്‍ഗോ കോര്‍ണിഷ് സോക്കര്‍ ടൈ ബ്രേക്കറില്‍ 4-1 നു ജുബൈല്‍ എഫ്സിയെ പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതമടിച്ച് സമനിലയിലായിരുന്നു. കോര്‍ണിഷിനുവേണ്ടി മനാഫ് ഒരു ഗോളും ജുബൈല്‍ എഫ്സിയുടെ പ്രതിരോധത്തില്‍ വന്ന പിഴവു മൂലം സെല്‍ഫ് ഗോള്‍ ലഭിച്ചു. ജുബൈല്‍ എഫ്സിക്കുവേണ്ടി ഡിന്‍സണ്‍, ഷക്കീര്‍ എന്നിവര്‍ ഗോളുകള്‍ നേടി.

രണ്ടാം മത്സരത്തില്‍ സമാഈല്‍ കെപ്വയെ 4-3 നു പരാജയപ്പെടുത്തി ഇഗാലൈറ്റ് ജുബൈല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2 നു തുല്യത പാലിച്ചതിനാല്‍ ടൈ ബ്രേക്കറില്‍ യാസീന്‍, തല്‍ഹത്ത് (ഇഗാലൈറ്റ്) ശഹീല്‍, ഷക്കീബ് (കെപ്വ) എന്നിവര്‍ ഗോളുകള്‍ നേടി.

വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ബദര്‍മക്ക എഫ്സി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു യുഎസ്ജി ബോറല്‍ യുഎഫ്സിയെ പരാജയപ്പെടുത്തി. പ്രമുഖ സന്തോഷ് ട്രോഫി താരം ഉസ്മാന്‍ ആഷിഖ്, ഫൈസല്‍ (ഖത്തര്‍), ഹൈദര്‍, മുനവര്‍ എന്നിവര്‍ ഇരു ടീമുകളിലും അണിനിരന്ന് കാണികള്‍ക്ക് ആവേശം നല്‍കിയപ്പോള്‍ ടൂര്‍ണമെന്റിലെ മികച്ച മല്‍സരങ്ങളിലൊന്നായി മാറി. കളിയില്‍ മികച്ച മുന്നേറ്റം കാഴ്ചവച്ച യുഎഫ്സി നടത്തിയെങ്കിലും ഗോള്‍ കീപ്പര്‍ പരിക്കുമൂലം ലക്ഷ്യം നേടാനായില്ല. ബദറിനു വേണ്ടി അനീസ്, അനില്‍ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ആഷിഖ് ഉസ്മാന്‍ പെനാല്‍റ്റിയിലൂടെ യുഎഫ്സിക്കുവേണ്ടി ആശ്വാസ ഗോള്‍ നേടി.

അവസാന പ്രീക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് എഫ്സിഡി തെക്കേപുറത്തെ തകര്‍ത്ത് സാന്‍ഫോര്‍ഡ് ഖാലിദിയ ക്വാര്‍ട്ടറില്‍ കടന്നു. ഖാലിദിയക്കുവേണ്ടി യാസര്‍ രണ്ടും അര്‍ഷാദ്, റൌഫ് എന്നിവര്‍ ഒരോ ഗോളുകള്‍ വീതവും നേടി.

മെഫിന്‍ (ജുബൈല്‍ എഫ്സി), ഉബൈദത് (ഇഗാലൈറ്റ്) ഫൈസല്‍ (ബദര്‍) റൌഫ് (ഖാലിദിയ) എന്നിവരെ മികച്ച കളിക്കാരായി തെരഞ്ഞെടുത്തു.

കുട്ടികള്‍ക്കായുള്ള ഫ്ളെമിങ്ങൊ ജൂണിയര്‍ ഫുട്ബോളില്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ റോമ കാസ്റല്‍ ജൂണിയറും എഫ്സിഡി തെക്കേപ്പുറം ജൂണിയറും തമ്മില്‍ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ് ഓരോ പോയിന്റു വീതം പങ്കുവച്ചു. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ജുബൈല്‍ എഫ്സി ജൂണിയര്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് യൂത്ത് ക്ളബ് ജൂണിയറിനെ പരാജയപ്പെടുത്തി. നാഷിത്, വസീം എന്നിവര്‍ ഗോളുകള്‍ നേടി. റഹ്മാന്‍ അസീം (തെക്കേപ്പുറം) വസീം (ജുബൈല്‍) എന്നിവരെ മികച്ച കളിക്കാരായി തെരഞ്ഞെടുത്തു.

റിയാസ് പട്ടാമ്പി, അബ്ദുള്‍ റഹ്മാന്‍, അബ്ദുള്‍ സലാം മങ്കട, അഷ്റഫ് യുഎഫ്സി, യാസര്‍ നിലമ്പൂര്‍, യൂസഫ് ചെര്‍പ്പുളശേരി, ഫൈസല്‍ പള്ളി, ആഷിഖ് ഉസ്മാന്‍, ബിജു സുബൈര്‍, സുബൈര്‍ ചെമ്മാട്, ഷമീം കുനിയില്‍, സത്താര്‍ കാളികാവ്, പ്രണേശ് കണ്ണന്‍, സൈദ്, റഷീദ് ഒറ്റപ്പാലം, നൌഫല്‍ ആലിക്കല്‍, മൊയ്ദീന്‍ പട്ടാമ്പി, മാലിക്ക്, ആബിദ് പാണ്ടിക്കാട്, ജഷീദ് അലി വണ്ടൂര്‍, അബ്ദുള്‍ അസീസ് മുക്കം, സത്താര്‍ കൊടിയത്തൂര്‍, മുജീബ് കളത്തില്‍, ഷാജി ബാബു, ഫൈസല്‍ ചേറ്റുവ, റഷീദ് വേങ്ങര, റഷീദ് വയനാട്, സുബൈര്‍ പട്ടാമ്പി, നവാസ്, മുഹമ്മദലി, ഷക്കീര്‍ പാലക്കാട്, ഇബ്രാഹിം അത്തോളി, ജൌഹര്‍ എന്നിവര്‍ കളിക്കാരെ പരിചയപ്പെടുകയും ട്രോഫികള്‍ വിതരണം ചെയ്യുകയും ചെയ്തു.

ലക്കി ഡ്രോ വിജയികള്‍ക്ക് റിഷാദ് കല്ലിടുമ്പന്‍, മന്‍സൂര്‍ മങ്കട എന്നിവര്‍ സാന്‍ഫോര്‍ഡ് സമ്മാനിക്കുന്ന ഹോം തിയറ്ററുകള്‍ വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം