യാത്രാനുമതിയില്ല; വാഹനാപകടത്തില്‍ പരിക്കേറ്റ ബിഹാര്‍ സ്വദേശി റിയാദ് എയര്‍പോര്‍ട്ടില്‍ കുടുങ്ങി
Monday, November 23, 2015 7:19 AM IST
റിയാദ്: വാഹനാപകടത്തില്‍ തബൂക്കില്‍ വെച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ വിദഗ്ദ ചികിത്സക്കായി നാട്ടില്‍ പോകാന്‍ റിയാദ് എയര്‍പോര്‍ട്ടിലെത്തിയ ബീഹാര്‍ സ്വദേശിക്ക് ആവശ്യമായ യാത്രാരേഖകളില്ലാത്തതിനാല്‍ ഡല്‍ഹിയിലേക്ക് യാത്ര ചെയ്യാനായില്ല. തബൂക്കില്‍ ഹൌസ് ഡ്രൈവറായി ജോലി നോക്കവേ വാഹനാപകടത്തില്‍ പരിക്കേറ്റ് തബൂക്ക് ജനറല്‍ ആശുപത്രിയില്‍ രണ്ട് മാസമായി ചികിത്സയിലായിരുന്ന ബീഹാര്‍ മധുബാനി ജില്ലയിലെ ബര്‍ഹാറ സ്വദേശിയായ ബീരേന്ദ്ര യാദവിനാണ് (32) സ്ട്രെച്ചര്‍ യാത്രക്കാരനു വേണ്ടി എയര്‍ഇന്ത്യാ ഡോക്ടറുടെ യാത്രാനുമതി എടുക്കാത്തതിനാല്‍ തബൂക്കില്‍ നിന്നും ഡല്‍ഹി വഴി പാറ്റ്നയിലേക്കുള്ള യാത്ര റിയാദില്‍ വെച്ച് അവസാനിപ്പിക്കേണ്ടി വന്നത്. ഇത്തരം ഒരു യാത്രാനുമതി മുന്‍കൂട്ടി വാങ്ങണമെന്ന അറിവില്ലായ്മ കൊണ്ടാണ് വീല്‍ ചെയര്‍ യാത്രക്കാരനുള്ള ടിക്കറ്റുമായി സ്പോണ്‍സര്‍ അദ്ദേഹത്തെ തബൂക്കില്‍ നിന്നും സൌദി എയര്‍ലൈന്‍സ് വിമാനത്തില്‍ കയറ്റി വിട്ടത്.

വാഹനാപകടത്തില്‍ ശരീരമാസകലം പരിക്കുകള്‍ പറ്റിയ ബീരേന്ദ്ര യാദവിനെ തബൂക്കിലെ ആശുപത്രിയില്‍ രണ്ട് മാസത്തോളം ചികിത്സിച്ചിരുന്നു. അവിടെ നിന്നും ഡിസ്ചാര്‍ജ് ചെയ്താണ് നേരെ നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്. റിയാദിലെത്തിയപ്പോഴേക്കും ബീരേന്ദ്ര യാത്ര തുടരാന്‍ പറ്റാത്ത വിധം അവശനായിരുന്നു. ഇതു മനസ്സിലാക്കിയ എയര്‍ ഇന്ത്യാ എയര്‍പോര്‍ട്ട് മാനേജര്‍ ദിനേഷ് മെഹതാനിയും സൂപ്പര്‍വൈസര്‍ സിറാജുദ്ദീനും ചേര്‍ന്ന് അദ്ദേഹത്തെ എയര്‍പോര്‍ട്ട് ഡോക്ടറുടെ അടുത്ത് അടിയന്തിര ചികിത്സക്കായി എത്തിക്കുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം 3.30 നുള്ള ഡല്‍ഹി എയര്‍ ഇന്ത്യാ വിമാനത്തില്‍ ബിസിനസ്സ് ക്ളാസ് ടിക്കറ്റുമായി വന്ന ബീരേന്ദ്രക്ക് പക്ഷേ വീല്‍ ചെയറില്‍ യാത്ര ചെയ്യാന്‍ സാധ്യമല്ലെന്ന് ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് എയര്‍ ഇന്ത്യാ മാനേജര്‍ സാമൂഹ്യ പ്രവര്‍ത്തകനായ ഷിഹാബ് കൊട്ടുകാടിനെ വിവരമറിയിച്ചു. യാത്രാരേഖകള്‍ ശരിയാക്കി അടുത്ത എയര്‍ ഇന്ത്യാ വിമാനത്തില്‍ നാട്ടിലയക്കാനുള്ള കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാമെന്നേറ്റ ഷിഹാബ് ഉടനെ തബൂക്കിലുള്ള ബീരേന്ദ്രയുടെ സ്പോണ്‍സറുമായി ബന്ധപ്പെടുകയും സ്ട്രെച്ചര്‍ ടിക്കറ്റിലേക്ക് മാറ്റാനുള്ള പണം അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. എല്ലാ സഹായവും വാഗ്ദാനം ചെയ്ത സ്പോണ്‍സര്‍ പണം അയക്കാമെന്നും പറഞ്ഞതായി ഷിഹാബ് പറഞ്ഞു.

ഷിഹാബ് കൊട്ടുകാട് ഇന്ത്യന്‍ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി അനില്‍ നോട്ട്യാലിന്റെ നിര്‍ദ്ദേശ പ്രകാരം ബീരേന്ദ്രയെ എയര്‍പോര്‍ട്ടില്‍ നിന്നും കൊണ്ടുവന്ന് ഷിഫ അല്‍ ജസീറ പോളിക്ളിനിക്കില്‍ പ്രവേശിച്ചു. ഷിഫ അല്‍ ജസീറ പോളിക്ളിനിക്ക് മാനേജര്‍ അഷ്റഫ് വേങ്ങാട്ടിന്റെ നിര്‍ദ്ദേശ പ്രകാരം ഡോ. രാജ്, ബീരേന്ദ്രയെ പരിശോധിക്കുകയും വേണ്ട അടിയന്തര ചികിതസ നല്‍കുകയും ചെയ്തു. എയര്‍ ഇന്ത്യാ റിയാദ് സെയില്‍സ് മാനേജര്‍ കിംഗ്സ്ലി, എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥനായ മനോജ് എന്നിവര്‍ അടുത്ത വിമാനത്തില്‍ തന്നെ ബീരേന്ദ്രയെ ഡല്‍ഹിയിലേക്കും അവിടെ നിന്നും പറ്റ്നയിലേക്കും അയക്കാനുള്ള ശ്രമങ്ങളിലാണ്.

അപകടത്തില്‍ തുടയെല്ലിനും ഇടതു കാലിനും കൈക്കും ഗുരുതരമായി പരിക്കേറ്റ ബീരേന്ദ്ര ഏറെ അവശനാണ്. ഷിഫ അല്‍ ജസീറയില്‍ അദ്ദേഹത്തെ പരിചരിക്കാനായി നാട്ടുകാരനായ അക്ബറും എത്തിയിട്ടുണ്ട്. റിയാദില്‍ ഹൈസ് ഡ്രൈവറായി ജോലി ചെയ്യുന്ന അക്ബര്‍ ഇദ്ദേഹത്തിന്റെ അപകട വാര്‍ത്തയറിഞ്ഞ് മൂന്ന് തവണ തബൂക്കില്‍ പോയി ബീരേന്ദ്ര യാദവിനെ സന്ദര്‍ശിച്ചിരുന്നു. ഭാര്യ പാര്‍വ്വതീ ദേവിയും ആറ് വയസ്സിന് താഴെ പ്രായമുള്ള മൂന്നു മക്കളും പ്രായമായ അമ്മയും അച്ഛനുമുള്ള കുടുംബത്തിന്റെ ഏക ആശ്രയമായ ബീരേന്ദ്ര നാല് മാസം മുന്‍പ് മാത്രമാണ് തബൂക്കില്‍ പുതിയ വിസയിലെത്തിയത്.

ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗം ഫസ്റ്റ് സെക്രട്ടറി അനില്‍ നോട്ട്യാലും ഷിഹാബ് കൊട്ടുകാടും അടുത്ത ദിവസത്തെ എയര്‍ ഇന്ത്യാ വിമാനത്തില്‍ ബീരേന്ദ്ര യാദവിനെ പാറ്റ്നയിലേക്ക് അയക്കാന്‍ സാധിക്കും എന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍