ഖത്തര്‍ കേരളീയം സാംസ്കാരികോത്സവത്തിന് ഉജ്വല സമാപനം
Saturday, November 21, 2015 8:26 AM IST
ദോഹ: ഖത്തറിലെ മലയാളി സമൂഹത്തെ ഉദ്ദേശിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി വൈവിധ്യമാര്‍ന്ന കലാവൈജ്ഞാനിക പരിപാടികളോടെ ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ (എഫ്സിസി) നടത്തി വന്ന ഖത്തര്‍ കേരളീയത്തിന്റെ

സാംസ്കാരികോത്സവ സമാപനം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.

എംഇഎസ് ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തില്‍ നടന്ന സാംസ്കാരിക വിരുന്നില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.

ഖത്തര്‍ ചാരിറ്റി എക്്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുന്നാസര്‍ മുഹമ്മദ് അല്‍ യാഫിസമ്മേളനം ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ചാരിറ്റി പ്രതിനിധി ഇബ്രാഹിം അല്‍ അലി ഗരീബി അധ്യക്ഷത വഹിച്ചു. എഫ്സിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശേരി സംസാരിച്ചു.

മനുഷ്യന്‍ പൊതുവിലും ഇന്ത്യന്‍സമൂഹം വിശേഷിച്ചും അഭിമുഖീകരിച്ച സാംസ്കാരികവും മൌലികവുമായ വിഷയങ്ങളിലേക്കു വിരല്‍ ചൂണ്ടിയ മലയാളത്തിന്റെ മഹാനടന്‍ ശ്രീനിവാസനും സാംസ്കാരിക നായകന്‍ കെ.ഇ.എന്‍. കുഞ്ഞഹമ്മദും സമകാലികസമൂഹം പ്രബുദ്ധരാവേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

ആഡംബരങ്ങളിലും മറ്റു ജീവിതസൌഹചര്യങ്ങളിലുമൊക്കെ ശ്രദ്ധ ചെലുത്തുന്ന മലയാളി ഭക്ഷണകാര്യത്തില്‍ സ്വീകരിക്കുന്ന സമീപനം ആശാവഹമല്ലെന്ന് ശ്രീനിവാസന്‍ ഉദാഹരണങ്ങള്‍ സഹിതം സമര്‍ഥിച്ചപ്പോള്‍ സദസ് തിരിച്ചറിവിന്റെ നോവനുഭവിച്ചു. കോര്‍പറേറ്റ് ഭീമന്മാരായ മാക്ഡൊണാള്‍ഡും കെഎഫ്സിയും തികച്ചും യാന്ത്രികമായ രീതിയില്‍ തയാറാക്കുന്ന ഭക്ഷണങ്ങള്‍ ഏറെ മാരകമാണ്. കാര്‍ഷി രാജ്യമായ ഇന്ത്യയില്‍ പോലും മാരകമായ വിഷങ്ങള്‍ തളിച്ച പഴങ്ങളും പച്ചക്കറികളും മറ്റു ധാന്യങ്ങളുമാണ് പ്രചാരം നേടുന്നത്. ഇത് കാന്‍സറടക്കമുള്ള മഹാവിപത്തുക്കളാണ് സമൂഹത്തിനു സമ്മാനിക്കുന്നത്.

ജനാധിപത്യമെന്ന വാക്കുപോലും ഡെമോക്രസിയുടെ ശരിയായ വിവര്‍ത്തനമല്ലെന്നും ജനശക്തിയെന്നോ നസ്വാതന്ത്യ്രമെന്നോ ആണ് ശരിക്ക് പ്രയോഗിക്കേണ്ടതെന്നും 'ഇന്ത്യന്‍ ജനാധിപത്യവും ജീവിതവും' എന്ന വിഷയമവതരിപ്പിച്ച് സംസാരിച്ച കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പറഞ്ഞു.

ദാദ്രി സംഭവം ഇന്ത്യാ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. മാട്ടിറച്ചി കഴിച്ചുവെന്നാരോപിച്ചു കൊന്നുവെന്നല്ല, കൊലയെ ആദര്‍ശവത്കരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. കൊലകള്‍ പോലും ആഘോഷമാക്കുന്ന സാഹചര്യമുണ്ടാകുന്നത് അത്യന്തം ഗുരുതരമായ സാംസ്കാരികാധിനിവേശമാണ്. വിവിധ ഭക്ഷണങ്ങള്‍ കഴിക്കാനും കഴിക്കാതിരിക്കാനുമുള്ള ജനങ്ങളുടെ സ്വാതന്ത്യ്രത്തില്‍ കൈകടത്തുമ്പോള്‍ ജനാധിപത്യം എല്ലാ അര്‍ഥത്തിലും ചോദ്യം ചെയ്യപ്പെടുകയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

അതിഥികള്‍ക്കുള്ള ഉപഹാരം കെ.സി. അബ്ദുള്‍ലത്തീഫ് , ഗോപിനാഥ് കൈന്ഥാര്‍, മുഹമ്മദ് ഖുതുബ് എന്നിവര്‍ നിര്‍വഹിച്ചു. നജാഫ് മുഹമ്മദ്, സ്മൃതി ഹരിദാസന്‍, ഫാഹിം റമീസ് എന്നിവര്‍ പ്രാര്‍ഥനാ ഗാനമാലപിച്ചു.

തുടര്‍ന്നു നടന്ന തീം ഷോ അരങ്ങേറി. നാനൂറോളം കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്ത ഷോ കലയുടെ സാമൂഹ്യധര്‍മം അടയാളപ്പെടുത്തി.

സാംസ്കാരികോല്‍സവത്തിന്റെ ഭാഗമായി ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളിലും എഫ്സിസിയിലുമായി നടന്ന സ്കൂള്‍ കലോല്‍സവം, എഫ്സിസി വനിതാ വേദി വിദ്യാര്‍ഥികള്‍ക്കായി അവധിക്കാലത്ത് സംഘടിപ്പിച്ച മലയാള മഴ, എഫ്സിസി അറബിക് കോഴ്സിന്റെ സര്‍ട്ടിഫിക്കേറ്റ് വിതരണം, കമ്പവലി, ഷോര്‍ട്ട് ഫിലിം കോമ്പറ്റീഷന്‍ എന്നിവയുടെ സമ്മാന ദാനവും ഷാജി മടത്തില്‍ രചിച്ച 'പാതിരാപാട്ടിന്റെ തേന്‍നിലാവുകള്‍' കെഇഎന്‍ ഷീലാ ടോമിക്ക് കൈമാറി പ്രകാശനവും മഞ്ചു മിലന്‍ സംവിധാനം ചെയ്ത എഫ്സിസി ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. എഫ്സിസി ഗവേണിംഗ് ബോഡി ചെയര്‍മാന്‍ മുഹമ്മദ് ഖുതുബ് സ്വാഗത പ്രസംഗം നടത്തി.

റിപ്പോര്‍ട്ട്: അമാനുള്ള വടക്കാങ്ങര