വീട്ടുജോലിക്കെത്തി പീഡനം സഹിക്കാനാകാതെ ആത്മഹത്യക്ക് ശ്രമിച്ച മലയാളി വീട്ടമ്മയെ നാട്ടിലെത്തിച്ചു
Wednesday, November 18, 2015 1:40 PM IST
റിയാദ്: ഒമ്പതു മാസം മുമ്പ് വീട്ടുജോലിക്കായി റിയാദിലെത്തി ക്രൂരപീഡനം സഹിക്കാനാകാതെ ആത്മഹത്യക്കു ശ്രമിക്കുകയും അവശനിലയില്‍ റിയാദിലെ അല്‍ഇമാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കയും ചെയ്ത മലയാളി വീട്ടമ്മയെ കേളി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് എംബസിയുടെ സഹായത്തോടെ നാട്ടിലെത്തിച്ചു.

സ്പോണ്‍സറുടെ സഹോദരന്റെ ക്രൂരപീഡനം സഹിക്കാനാകാതെ ആത്മഹത്യക്ക് ശ്രമിക്കുകയും അവശനിലയില്‍ കഴിഞ്ഞ ഒക്ടോബര്‍ 10 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോഴിക്കോട് സ്വദേശിനി വിജയലക്ഷ്മിയെയാണ് (55) കേളി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് എംബസിയുടെ സഹായത്തോടെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞത്. വിജയലക്ഷ്മിയെക്കുറിച്ചുള്ള വിവരം ബന്ധുക്കള്‍ കേളിയെയും, കേളി എംബസിയെയും അറിയിക്കുകയായിരുന്നു.  വളരെ അവശനിലയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച ഇവരെ കേളി ജീവകാരുണ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച വേളയില്‍ സംസാരശേഷി പോലും നഷ്ടപ്പെട്ട നിലയിലായിരുന്നു. അസീസിയ പോലീസാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. തുടര്‍ന്നു വിവരങ്ങള്‍ എംബസിക്കു കൈമാറുകയും എംബസിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിക്കുകയും സത്വര നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഏജന്റിനെ വിളിച്ചുവരുത്തുകയും വിജയലക്ഷ്മിയെ നാട്ടില്‍ അയയ്ക്കുന്നതിനു സ്പോണ്‍സറുടെ വിവരങ്ങള്‍ ഏജന്റ് മുഖാന്തിരം ശേഖരിക്കുകയും ചെയ്തു.

അല്‍ഈമാന്‍ ആശുപത്രിയിലെ മലയാളി നഴ്സുമാരുടെ പരിചരണമാണ് വിജയലക്ഷ്മിയുടെ അസുഖം ഭേദമായി ജീവിതത്തിലേക്കു തിരിച്ചുവരാന്‍ സഹായിച്ചത്. 20 ദിവസങ്ങള്‍ക്കു ശേഷമാണു സംസാരശേഷിപോലും തിരിച്ചു കിട്ടിയത്. കേളി ജോയിന്റ് സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ കിഷോര്‍ നിസാം, മഹേഷ് കൊടിയത്ത്, അല്‍ ഈമാന്‍ ആശുപത്രിയിലെ മലയാളി നഴ്സുമാരായ ഷൈനി, ബിന്ദു, നിഷ, എംബസി ഉദ്യോഗസ്ഥരായ വി.നാരായണന്‍, ജോര്‍ജ്, പുഷ്പരാജ് എന്നിവരുടെ സഹായവും കൃത്യമായ ഇടപെടലുകളും മൂലമാണു വിജയലക്ഷ്മിക്കു നാട്ടിലേക്ക് മടങ്ങാനായത്. കേരള പ്രവാസി സംഘം പ്രസിഡന്റ് ബാദുഷ, പ്രദീപ്കുമാര്‍ എംഎല്‍എ എന്നിവരും വിഷയത്തില്‍ ഇടപെട്ടിരുന്നു. കേളി കുടുംബവേദി പ്രവര്‍ത്തകരും ആവശ്യമായ സഹായങ്ങള്‍ നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍