റിയാദ് വില്ലാസ് കപ്പ്-കേളി ഫൂട്ബോള്‍: ഷിഫ അല്‍ജസീറ അസീസിയ സോക്കറിന് ഉജ്ജ്വല വിജയം
Monday, November 16, 2015 7:16 AM IST
റിയാദ്: റിയാദ് വില്ലാസ് വിന്നേഴ്സ് കപ്പിനും അല്‍മദീന റണ്ണര്‍ അപ്പ് ട്രോഫിക്കും വേണ്ടണ്ടിയുള്ള എട്ടാമത് കേളി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ആറാമത്തെ ആഴ്ച്ചയി മല്‍സരത്തില്‍ ഷിഫ അല്‍ജസീറ പോളിക്ളിനിക്ക് അസീസിയ സോക്കറും സഫേകൊ ആന്‍ഡ് അറാഫ ഗോള്‍ഡ് കൊണ്േടാട്ടി റിയല്‍ കേരളയും തമ്മില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് അസീസിയ സോക്കര്‍ റിയല്‍ കേരളയെ പരാജയപ്പെടുത്തി. കംഫര്‍ട്ട് ട്രാവല്‍സാണ് ഈ ആഴ്ച്ചയിലെ മത്സരം സ്പോണ്‍സര്‍ ചെയ്തിരുന്നത്.

തുടക്കത്തില്‍ കളിയുടെ നിയന്ത്രണം മുഴുവന്‍ അസ്സീസിയ സോക്കറിനായിരുന്നെങ്കിലും കളിയുടെ പത്താം മിനിറ്റില്‍ അസ്സീസിയയുടെ അജ്മല്‍ ബോക്സില്‍ വച്ചു ചെയ്ത ഫൌള്‍ പെനാല്‍റ്റി ആയി. റിയല്‍ കേരളയുടെ സമീര്‍ ഈ പെനാല്‍റ്റി ഗോളാക്കി മാറ്റി. ആദ്യത്തെ ഗോള്‍ വഴങ്ങിയതിനു ശേഷവും പതറാതെ കളിച്ച അസ്സീസിയ സോക്കര്‍ മനാഫ്, കബീര്‍, ആസിഫ് എന്നിവരിലൂടെ നല്ല മുന്നേറ്റങ്ങള്‍ കാഴ്ച്ചവെച്ചെങ്കിലും ഗോള്‍ പട്ടിക തുറക്കാനായില്ല. ആദ്യ പകുതിയില്‍ കളി അവസാനിക്കുന്നതുവരെ റിയല്‍ കേരള 1-0 എന്ന നിലയില്‍ ലീഡ് ചെയ്യുകയായിരുന്നു.

രണ്ടാം പകുതിയിലും രണ്ട് ടീമുകളും തുല്യ പോരാട്ടം കാഴ്ച്ചവച്ചു. അസ്സീസിയ സോക്കറിന്റെ മധ്യനിര താരം മനാഫിന്റെ മനോഹരമായ ഒരു ഗോളിലൂടെ അസ്സീസിയ സോക്കര്‍ സമനിലയിലെത്തി. തുടര്‍ന്ന് ഇരുഗോള്‍ മുഖത്തും നിരവധി അവസരങ്ങളുണ്ടായെങ്കിലും 52-ാം മിനിറ്റില്‍ റിയല്‍ കേരളക്കു ലഭിച്ച ഫ്രീ കിക്കിലൂടെ സമീര്‍ നല്‍കിയ മനോഹരമായ ഒരു പാസ് ഷക്കീല്‍ ഗോളാക്കി മാറ്റി (2-1). അധികം താമസിയാതെ ബോക്സില്‍ വച്ചു ഫൌള്‍ ചെയ്തതിന് കിട്ടിയ പെനാല്‍റ്റി മനാഫ് അസ്സീസിയ സോക്കറിനു വേണ്ടി ഗോളാക്കി സമനില പാലിച്ചു സമനിലയിലെത്തിയ ശേഷം കൂടുതല്‍ ഉണര്‍ന്നു കളിച്ച അസ്സീസിയ സോക്കര്‍ മനാഫിന്റെയും കബീറിന്റെയും മനോഹരമായ ഓരോ ഗോളുകള്‍ കൂടി നേടി (4-2) എന്ന നിലയില്‍ ഉജ്വല വിജയം കരസ്ഥമാക്കുകയായിരുന്നു.   

ഈ ആഴ്ച്ചത്തെ മത്സരത്തോടെ ഷിഫ അല്‍ജസീറ പോളിക്ളിനിക്ക് അസീസിയ സോക്കര്‍ 7 പോയിന്റുമായി 'ബി' ഗ്രൂപ്പ് ജേതാക്കളായും, ആറു പോയിന്റുമായി സഫേകൊ ആന്‍ഡ് അറാഫ ഗോള്‍ഡ് കൊണ്േടാട്ടി റിയല്‍ കേരള ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായും സെമിഫൈനലില്‍ പ്രവേശിച്ചു.

മത്സരങ്ങള്‍ക്കു മുന്നോടിയായി കംഫര്‍ട്ട് ട്രാവല്‍സ് പ്രതിനിധിയും കെഎംസിസി നേതാവുമായ മൊയ്തീന്‍ കോയ മറ്റു വിശിഷ്ടാതിഥികള്‍, കേളി ഭാരവാഹികള്‍ എന്നിവര്‍ ടീം അംഗങ്ങളെ പരിചയപ്പെട്ടു. അസീസിയ സോക്കറിന്റെ മനാഫിനെ ഈആഴ്ച്ചയിലെ മത്സരത്തിലെ ഏറ്റവും നല്ല കളിക്കാരനായി തെരഞ്ഞെടുത്തു. ഏഴാമത്തെ ആഴ്ച്ചയായ അടുത്ത വെള്ളിയാഴ്ച്ച വൈകിട്ട് 6.00ന് റോയല്‍ റിയാദ് സോക്കറും ഐബിടെക് ലാന്റേണ്‍ എഫ്സിയും, 7:00ന് ജരീര്‍ മെഡിക്കല്‍ യൂത്ത് ഇന്ത്യയും ഇസിയു ലൈന്‍ സൌദി അറേബ്യ യുഎഫ്സിയും തമ്മില്‍ ഏറ്റുമുട്ടും.  റിയാദ് ഫുട്ബോള്‍ അക്കാഡമി സ്റേഡിയത്തിലായിരിക്കും മത്സരം നടക്കുന്നത്. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍