മിസിസൌഗ കേരള അസോസിയേഷന്‍ ശിശുദിനം ആഘോഷിച്ചു
Wednesday, November 11, 2015 1:47 PM IST
മിസിസൌഗ: മിസിസൌ കേരള അസോസിയേഷന്‍ ശിശുദിനം വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. നവംബര്‍ ഒമ്പതിനു (ഞായര്‍) ഉച്ചകഴിഞ്ഞ് ഒന്നിനു ഈഡന്‍ റോസ് പബ്ളിക് സ്കൂളില്‍ നടന്ന മല്‍സരം പ്രൊവിന്‍ഷ്യല്‍ പാര്‍ലമെന്റംഗം ഹരീന്ദര്‍ മാല്‍ഹി ഉദ്ഘാടനം ചെയ്തു. ഇന്തോ-കാനഡ ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ കന്‍വര്‍ ധന്‍ജാല്‍ പങ്കെടുത്തു. വിവിധ പ്രായ പരിധിയില്‍പെട്ട കുട്ടികള്‍ ചിത്ര രചനാ മത്സരത്തിലും പ്രച്ഛന്ന വേഷ മത്സരത്തിലും പങ്കെടുത്തു.

സബ് ജൂണിയര്‍ വിഭാഗത്തില്‍ ഭദ്ര മേനോന്‍, ജെന്‍ നോബിള്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങളും ടാനിയ ജോസഫിനു പ്രോല്‍സാഹന സമ്മാനവും ലഭിച്ചു. ജൂണിയര്‍ വിഭാഗത്തില്‍ ആദി ശങ്കര്‍, ആദിത്യ കണ്ടന്‍ചാത്ത എന്നിവരും സീനിയര്‍ വിഭാഗത്തില്‍ ഗംഗ കണ്ടന്‍ചാത്ത, ആദര്‍ശ് രാധാകൃഷ്ണന്‍ എന്നിവരും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.

ഫാമിലി, മൈ സ്കൂള്‍ ആന്‍ഡ് മൈ ഫ്രണ്ട്സ്, ഓട്ടം ഓര്‍ ഫോള്‍ സീസണ്‍ ഇന്‍ കാനഡ, അവര്‍ കള്‍ച്ചറലി ഡൈവേഴ്സ് കണ്‍ട്രി കാനഡ എന്നീ നാലു വിഷയങ്ങളില്‍ നടത്തിയ ചിത്ര രചനാ മത്സരത്തില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. വിജയികളെ പിന്നീട് പ്രഖ്യാപിക്കും.

മല്‍സരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എംകെഎ പ്രസിഡന്റ് പ്രസാദ് നായര്‍ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് മേജോ വര്‍ഗീസ്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ ജെറി ഈപ്പന്‍, റോസ് ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രശാന്ത് പൈ, സണ്ണി വാലംപറമ്പില്‍, തോമസ് ചാക്കോ, ജോണ്‍ തച്ചില്‍, അശോക് പിള്ള, നിഷ ഭക്തന്‍, ജോര്‍ജ് വര്‍ഗീസ്, ജോളി ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള