മണിക്കൂറിനു 15 ഡോളര്‍ വേതനം ആവശ്യപ്പെട്ടു ഫാസ്റ് ഫുഡ് ജീവനക്കാര്‍ പണിമുടക്കി
Wednesday, November 11, 2015 7:20 AM IST
ആല്‍ബനി (ന്യൂയോര്‍ക്ക്): മണിക്കൂറിനു മിനിമം 15 ഡോളര്‍ ലഭിക്കണമെന്നാവശ്യപ്പെട്ടു രാജ്യവ്യാപകമായി ഫാസ്റ് ഫുഡ് ജീവനക്കാര്‍ പണിമുടക്കും പ്രതിഷേധ റാലിയും സംഘടിപ്പിച്ചു. മക്ഡൊണാള്‍ഡ്, വെന്‍ഡീസ്, ബര്‍ഗന്‍ കിംഗ്, കെഎഫ്സി റസ്ററന്റുകളിലെ ജീവനക്കാരാണു സമരത്തില്‍ പങ്കെടുത്തത്.

രാജ്യത്തെ തെരഞ്ഞെടുത്ത 270 കേന്ദ്രങ്ങളില്‍ പണിമുടക്കും, 500 സിറ്റികളില്‍ റാലിയും സംഘടിപ്പിച്ചതായി സര്‍വീസ് എംപ്ളോയീസ് ഇന്റര്‍നാഷണല്‍ യൂണിയന്‍ വക്താക്കള്‍ അറിയിച്ചു. ഇന്ന് മില്‍വാക്കിയില്‍ നടക്കുന്ന പ്രസിഡന്റ് ഡിബേറ്റിന്റെ ശ്രദ്ധയാകര്‍ഷിക്കുക എന്നതാണു സമരത്തിന്റെ ലക്ഷ്യമെന്ന് ഇവര്‍ പറഞ്ഞു.

ഫെഡറല്‍ നിയമം വേജ് 7.25 ഡോളറാണ്. 2018-ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇതു 15 ഡോളര്‍ ആയും, 2021-ല്‍ സംസ്ഥാനം മുഴുവന്‍ നടപ്പാക്കുന്നതിനും തീരുമാനമുള്ളതായും ഗവര്‍ണര്‍ ആന്‍ഡ്രൂ എം. കൂമോ പറഞ്ഞു.

2012 മുതലാണു വേതനവര്‍ധനയ്ക്കായി തൊഴിലാളികള്‍ മുറവിളി ആരംഭിച്ചത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഇതേ ആവശ്യം ഉന്നയിച്ച് തൊഴിലാളികള്‍ 200 നഗരങ്ങളില്‍ ശക്തമായ റാലി സംഘടിപ്പിച്ചിരുന്നു.

ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍ന്‍ ഫെഡറല്‍ മിനിമം വേജ് 12 ഡോളറായി നിശ്ചയിക്കുന്നതിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍