കസ്തൂരി മുനിരത്നം നാട്ടിലേക്കു മടങ്ങി
Sunday, November 8, 2015 7:22 AM IST
റിയാദ്: സ്പോണ്‍സറുടെ വീട്ടില്‍നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ കൈ മുറിഞ്ഞു പോയ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇന്ത്യന്‍ വീട്ടുജോലിക്കാരി തമിഴ്നാട് നോര്‍ത്ത് ആര്‍ക്കാട് ജില്ലയിലെ മൂങ്കിലേരി സ്വദേശിനി കസ്തൂരി മുനിരത്നം (55) ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തതിനെത്തുടര്‍ന്നു നാട്ടിലേക്കു മടങ്ങി.

ശനിയാഴ്ച പുലര്‍ച്ചെ 3.30 നുള്ള ചെന്നൈ സൌദി എയര്‍ലൈന്‍സ് വിമാനത്തിലാണ് അവര്‍ റിയാദില്‍നിന്നു പോയത്. ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗം ഒന്നാം സെക്രട്ടറിയും മലയാളിയുമായ വി. നാരായണന്‍, റിയാദ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം തമിഴ്നാട് ഘടകം പ്രസിഡന്റ് എന്‍ജിനിയര്‍ റഷീദ് ഖാന്‍, മുസ്തഫ ചാവക്കാട് തുടങ്ങയവരുടെ നേതൃത്വത്തിലാണ് വീല്‍ ചെയറില്‍ കസ്തൂരിയെ റിയാദില്‍നിന്നു യാത്രയയച്ചത്.

മുറിവുകള്‍ ഏറെക്കുറെ ഭേദമാവുകയും സ്വയം നടക്കാന്‍ പ്രാപ്തി വരികയും ചെയ്ത ശേഷമാണ് അവരെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തതെന്നും എംബസിയുടെ ആവശ്യപ്രകാരം ആശുപത്രി ചെലവുകളും നാട്ടിലേക്കു ബസിനസ് ക്ളാസില്‍ വിമാന ടിക്കറ്റും സ്പോണ്‍സര്‍തന്നെയാണ് നല്‍കിയതെന്നും സോഷ്യല്‍ ഫോറം ഭാരവാഹികള്‍ പറഞ്ഞു. കസ്തൂരിയുടെ അപകടം സംഭവിച്ച കേസ് കോടതിയിലാണെന്നും അതിന്റെ പുരോഗതി കൃത്യമായി അന്വേഷിച്ച് വിവരമറിയിക്കുമെന്നും എംബസി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

രണ്ടര മാസം മുമ്പ് സൌദി അറേബ്യയിലെത്തിയ കസ്തൂരി മുനിരത്നം ജോലി ചെയ്ത വീട്ടിലെ പീഡനം സഹിക്കവയാതെ രക്ഷപ്പെടുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്. സൌദി പോലീസിന്റെ അന്വേഷണത്തില്‍ മുകളിലെ നിലയില്‍ നിന്നും ജനല്‍ വഴി താഴേക്കിറങ്ങുന്നതിനിടയില്‍ തഴെ വീണ് ഇലക്ട്രിസിറ്റി ബോക്സിന്റെ മൂര്‍ച്ചയുള്ള ഭാഗത്ത് കൈ തട്ടിയാണ് അറ്റുപോയതെന്നാണ് വിവരം കിട്ടിയത്. പോലീസ് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്െടന്നും രക്ഷപ്പെടാനുണ്ടായ സാഹചര്യമടക്കം അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഇന്ത്യന്‍ എംബസിക്ക് ഉറപ്പു ലഭിച്ചിട്ടുണ്ട്. പാര്‍ലമെന്റിലടക്കം ഇന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ കേസില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും ഇടപെട്ടിരുന്നു.

ശനിയാഴ്ച രാവിലെ 10.30 ന് ചെന്നൈ വിമാനത്താവളത്തിലിറങ്ങിയ കസ്തൂരിയെ ചെന്നൈയിലെ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചു ദിവസം ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമെന്നറിയുന്നു. കസ്തൂരിയുടെ സ്ഥിതി മനസിലാക്കിയ തമിഴ്നാട് സര്‍ക്കാര്‍ ഇവര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

മാറാരോഗിയായ ഭര്‍ത്താവ് മുനിരത്നവും മൂന്നു പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ നിത്യചെലവിനുള്ള വഴികാണാനാണു കസ്തൂരി പ്രായാധിക്യം പോലും കണക്കിലെടുക്കാതെ സൌദി അറേബ്യയിലേക്കു വിമാനം കയറിയത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍