ഒക്വില്ലില്‍ ദൈവദശകം പൊതുപഠന പരിപാടി സംഘടിപ്പിച്ചു
Saturday, November 7, 2015 11:19 AM IST
ടൊറേന്റോ: ശ്രീ നാരായണ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 'ദൈവദശകത്തിന്റെ നൂറു വര്‍ഷങ്ങള്‍' എന്നൊരു പൊതുപഠന പരിപാടി ഓക്വില്ലിലെ കണ്‍ട്രി ഇന്‍ ആന്‍ഡ് സൂട്ട്സില്‍ സംഘടിപ്പിച്ചു.

പ്രസിഡന്റ് ശ്രീകുമാര്‍ ജനാര്‍ദ്ദനന്റെ സ്വാഗത പ്രസംഗത്തോടെ സമ്മേളനം ആരംഭിച്ചു. സുജിത് ശിവാനന്ദ് പ്രാര്‍ഥന ഗീതത്തിന്റെ പശ്ചാത്തലവും സങ്കല്‍പ്പങ്ങളും സാഹിത്യ രൂപകല്‍പ്പനയും അഖണ്ഡമായ ധ്യാനത്തിനുള്ള പത്ത് വാക്യങ്ങളും വിശകലനം ചെയ്തു.

1914 ല്‍ ശ്രീ നാരായണ ഗുരു ശിവഗിരി ആശ്രമത്തില്‍ തന്റെ നേരിട്ടുള്ള പരിചരണയിലും സംരക്ഷണത്തിലും കഴിഞ്ഞ ഏതാനും പാവപ്പെട്ട കുട്ടികള്‍ക്കുവേണ്ടി എഴുതിയ പ്രാര്‍ഥനയാണു ദൈവദശകം. ശിവഗിരി ആശ്രമത്തിലെ ഒരു സന്ദര്‍ശകന്‍ ആകസ്മികമായി ഈ ശ്രുതിമധുരമായ പ്രാര്‍ഥന കുട്ടികള്‍ ചൊല്ലുന്നത് കേട്ട്, അതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണു ദൈവദശകത്തെ ശ്രദ്ധിക്കപ്പെട്ടത്. ആ സന്ദര്‍ശകന്‍ പിന്നീട് പ്രശസ്തനായ പുന്നശേരി നമ്പി നീലകണ്ഠ ശര്‍മ ആയിരുന്നു. അദ്ദേഹം ഈ പ്രാര്‍ഥന ഗീതത്തിന്റെ ഉല്പത്തി ചോദിച്ചറിഞ്ഞു. ആ കാലംമുതല്‍ കഴിഞ്ഞ ഒരു നൂറ്റാണ്ട് മേല്‍, പ്രത്യേകിച്ച് കേരളത്തിലും ലോകമൊട്ടാകെ ദശലക്ഷക്കണക്കിനു വീടുകളില്‍, ദിവസേന അതിന്റെ യഥാര്‍ഥ രൂപം കൈവിടാതെ ഈ പ്രാര്‍ഥന പാരായണം ചെയ്യുന്നു.

നാരായണ ഗുരുകുല ഫൌണ്േടഷന്‍ പങ്കാളിത്തത്തോടെ നാരായണ തത്ത്വശാസ്ത്രം സൊസൈറ്റി (ചജഒകഘ) വികസിപ്പിച്ചെടുത്ത ദൃശ്യ പഠനാവിഷ്കാരത്തിന്റെ സഹായത്തോടുകൂടിയാണ് ഈ പ്രഭാഷണം അവതരിപ്പിച്ചത്.

എസ്എന്‍എ ബോര്‍ഡ് ഓഫ് ട്രസ്റി അംഗവും വിദ്യാ സംരംഭങ്ങളുടെ മേധാവിയുമായ ആനന്ദ ബോസ് പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞതോടെ പ്രഭാഷണ പരിപാടി സമാപിച്ചു.