പത്തനംതിട്ട പ്രവാസി അസോസിയേഷന്‍ സജീവമാകുന്നു
Friday, November 6, 2015 10:01 AM IST
റിയാദ്: എട്ടു വര്‍ഷം മുമ്പ് റിയാദില്‍ രൂപീകൃതമായ പത്തനംതിട്ട പ്രവാസി അസോസിയേഷന്‍ (പപ്പ) വീണ്ടും ജീവകാരുണ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതായി സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

പത്തനംതിട്ട ജില്ലക്കാരായ 250 ല്‍ അധികം അംഗങ്ങളുള്ള സംഘടന രണ്ടു വര്‍ഷമായി പ്രവര്‍ത്തനം നിലച്ച മട്ടിലായിരുന്നു. ഈ വര്‍ഷം കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുമെന്നും ജില്ലയിലെ പ്രവാസികളുടെ പുനരധിവാസ പദ്ധതികളടക്കം വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കിയതായും സംഘടനയുടെ ഭാരവാഹികളായ പാറക്കല്‍ സാം സാമുവല്‍, സിഞ്ചു റാന്നി എന്നിവര്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ പ്രവാസികളായി കഴിഞ്ഞിട്ടും ഒരു വീടെന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ പ്രവാസികള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനു പാപ്പക്ക് പദ്ധതിയുണ്ട്. സ്വന്തമായി സ്ഥലമുള്ള പാവപ്പെട്ട പ്രവാസികളെയാകും ഇതിനായി തെരഞ്ഞെടുക്കുക. ഒരു വര്‍ഷം നാലു വീടുകളാണ് പാപ്പ നിര്‍മിച്ചു നല്‍കുക. ഇതിനായി ജീവകാരുണ്യ സമിതി കണ്‍വീനര്‍ സജ്ജാദ് ഖാന്റെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞതായും ഇതിനായി പത്തനംതിട്ട ജില്ലയില്‍നിന്നുള്ള ഗുണഭോക്താക്കളെയാണു പരിഗണിക്കുകയെന്നും ഭാരവാഹികള്‍ പറഞ്ഞു.

അംഗങ്ങള്‍ക്കെല്ലാം ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്താനുള്ള പദ്ധതിയും സംഘടനക്കുണ്ട്. സംഘടനയുടെ കീഴില്‍ ജോലി അന്വേഷിക്കുന്ന പ്രവാസികള്‍ക്കായി പ്ളേയ്സ്മെന്റ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്. വിപുലമായ പരിപാടികളോടെ സംഘടനയുടെ വാര്‍ഷികാഘോഷം അടുത്ത ജനുവരിയില്‍ റിയാദില്‍ നടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ പാറക്കല്‍ സാം സാമുവല്‍, സജ്ജാദ് ഖാന്‍, സിഞ്ചു റാന്നി, ബിജോയ് അയിരൂര്‍, ജിയോ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍