ജോലിസ്ഥലത്തെ പീഡനം: ജീവനൊടുക്കാന്‍ ശ്രമിച്ച മലയാളി വനിതയെ രക്ഷപ്പെടുത്തി
Monday, November 2, 2015 7:38 AM IST
ദമാം: സ്പോന്‍സറുടെയും കുടുംബത്തിന്റെയും പീഡനം സഹിക്കാനാകാതെ ജീവനൊടുക്കാന്‍ ശ്രമിച്ച വീട്ടുജോലിക്കാരിയായ മലയാളി വനിത, നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങി.

കൊല്ലം മയ്യനാട് സ്വദേശിനിയായ ലൂസി അലക്സാണ്ടര്‍, പത്തു മാസം മുന്‍പാണ്, അല്‍ഹസയിലെ ഒരു സൌദി ഭവനത്തില്‍ ഹൌസ്മൈഡ് ആയി ജോലിയ്ക്കെത്തിയത്. വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമായിരുന്ന, നാല്‍പ്പത്താറുകാരിയായ ലൂസി അലക്സാണ്ടര്‍, നാട്ടിലെ കടങ്ങളൊക്കെ വീട്ടി കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താം എന്ന പ്രതീക്ഷയോടെയാണു സൌദിയില്‍ ജോലിയ്ക്കെത്തിയത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി വളരെയധികം ദുരനുഭവങ്ങള്‍ ആണ് ലൂസിക്കു ജോലിസ്ഥലത്തു നേരിടേണ്ടി വന്നത്. വിശ്രമമില്ലാതെ പാതിരാത്രിയോളം നീളുന്ന അതികഠിനമായ ജോലി. വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ശമ്പളമൊന്നും കിട്ടിയില്ല. ഭക്ഷണം പോലും നല്‍കാതെ കഷ്ടപ്പെടുത്തി. ശമ്പളമോ, ഭക്ഷണമോ ചോദിച്ചാല്‍ ഭീക്ഷണിയും മര്‍ദ്ദനവും ആയിരുന്നു ശിക്ഷ. പുറംലോകവുമായി ഒരു ബന്ധവും ഇല്ലാതെ, ആരും സഹായിക്കാന്‍ ഇല്ലാതെ, എട്ടു മാസത്തോളം നരകിച്ച ലൂസി, ഒടുവില്‍ ഗതികെട്ട് ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു.

ഭയന്ന സ്പോന്‍സര്‍ ലൂസിയെ ആശുപത്രിയില്‍ കൊണ്ടുപോയി അഡ്മിറ്റ് ചെയ്തു. ആശുപത്രിയില്‍ നിന്നും അറിയിച്ചത് അനുസരിച്ച് എത്തിയ പോലീസ്, കേസ് രജിസ്റര്‍ ചെയ്തു. ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍, അവര്‍ ലൂസിയെ അല്‍ഹസ വനിതാ തര്‍ഹീലില്‍ കൊണ്ടാക്കി.

സ്പോണ്‍സര്‍ തിരിഞ്ഞു നോക്കാത്തതിനാലും, സഹായിയ്ക്കാന്‍ മറ്റാരും വരാത്തതിനാലും രണ്ടു മാസത്തോളം ലൂസിക്കു തര്‍ഹീലില്‍ കഴിയേണ്ടി വന്നു. സ്വന്തം അവസ്ഥ ലൂസി നാട്ടില്‍ ഫോണ്‍ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് ലൂസിയുടെ ഒരു ബന്ധു നാട്ടില്‍നിന്നു നവയുഗം ജീവകാരുണ്യപ്രവര്‍ത്തകനും, ഇന്ത്യന്‍ എംബസി വോളണ്ടിയറുമായ സക്കീര്‍ ഹുസൈനെ വിളിച്ച് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.

സക്കീര്‍ ഹുസൈന്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ മണിക്കുട്ടന്‍, അല്‍ഹസ്സയിലെ അബ്ദുല്‍ ലത്തീഫ് മൈനാഗപ്പള്ളി, ഹുസൈന്‍ കുണിക്കോട് എന്നിവരുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ഏകോപിപ്പിച്ചു. വനിത തര്‍ഹീലിന്റെ ചുമതലയുള്ള നവയുഗം ജീവകാരുണ്യ പ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍ അല്‍ഹസ വനിതാ തര്‍ഹീലില്‍ എത്തി ലൂസിയെ കാണുകയും കാര്യങ്ങള്‍ തിരക്കുകയും ചെയ്തു.

തുടര്‍ന്നു ലൂസിയുടെ സ്പോന്‍സറുമായി നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തിയപ്പോള്‍, ശമ്പള കുടിശ്ശിക നല്‍കി എക്സിറ്റ് നല്‍കാമെന്ന് സ്പോന്‍സര്‍ സമ്മതിച്ചു. ലൂസിക്കുള്ള ടിക്കറ്റ് നവയുഗം അല്‍ഹസ മേഖല സെക്രട്ടറി ബാബു ചോറന്‍ നല്കി. നിയമ നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ലൂസി അലക്സാണ്ടര്‍ നാട്ടിലേക്കു മടങ്ങി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം