മതസൌഹാര്‍ദ്ദം കൊണ്ടുമാത്രം പ്രതിരോധിക്കാനാകാത്ത തരത്തില്‍ അസഹിഷ്ണുത വളര്‍ന്നിരിക്കുന്നു, കെ.ഇ.എന്‍
Sunday, November 1, 2015 3:39 AM IST
കുവൈറ്റ് സിറ്റി: ഇന്നു ഇന്ത്യന്‍ സാഹചര്യത്തില്‍ മതേതരത്വത്തെ കുറേക്കൂടി വിശാലമായ അര്‍ഥത്തില്‍ കാണേണ്ടതുണ്ട്. മതസൌഹാര്‍ദ്ദം കൊണ്ടുമാത്രം പ്രതിരോധിക്കാനാകാത്ത തരത്തില്‍ അസഹിഷ്ണുത വളര്‍ന്നിരിക്കുന്നുവെന്നു പ്രൊഫ: കെ.ഇ.എന്‍ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു.

കേരളീയ ജീവിതത്തിന് കരുത്തും കാന്തിയും പകര്‍ന്ന വയലാര്‍ രാമവര്‍മ്മ, ചെറുകാട്, കെ.എന്‍ എഴുത്തച്ഛന്‍, പ്രൊഫ: ജോസഫ് മുണ്ടശേരി തുടങ്ങിയ ഒക്ടോബര്‍ മാസത്തിന്റെ നഷ്ടങ്ങളായ മഹാത്മാക്കളെ സ്മരിച്ചുകൊണ്ട് 'അസഹിഷ്ണുതയുടെ രാഷ്ട്രീയം' ചര്‍ച്ച ചെയ്യുന്നത് ഇന്ത്യയില്‍ നടക്കുന്ന ഫാസിസ്റ് പ്രവണതകള്‍ക്ക് നേരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണെന്ന് കെഇഎന്‍ അഭിപ്രായപ്പെട്ടു. കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിച്ച ഒക്ടോബര്‍ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പരിപാടിക്ക് കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്ത് അധ്യക്ഷത വഹിച്ചു. വയലാര്‍ രാമവര്‍മ്മ, ചെറുകാട്, കെ.എന്‍ എഴുത്തച്ഛന്‍, പ്രഫ ജോസഫ് മുണ്ടശേരി എന്നിവരെ അനുസ്മരിച്ചുകൊണ്ടുള്ള അനുസ്മരണക്കുറിപ്പ് കേന്ദ്രകമ്മിറ്റിയംഗം നുസ്രത്ത് സക്കറിയ അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി സ്വാഗതം ആശംസിച്ച ചടങ്ങില്‍ സാല്‍മിയ മേഖല സെക്രട്ടറി രമേശ് കണ്ണപുരം നന്ദിയും രേഖപ്പെടുത്തി.

ഒക്ടോബര്‍ അനുസ്മരണത്തിനു മുന്നോടിയായി സമീപകാല ഇന്ത്യന്‍ സാമൂഹ്യ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ കുവൈറ്റിലെ പ്രമുഖ സാഹിത്യകാരന്‍ പീതന്‍ കെ വയനാട് രചിച്ച വരികള്‍ കോര്‍ത്തിണക്കിക്കൊണ്ട് സുരേഷ് തോലാംബ്ര സംവിധാനം നിര്‍വ്വഹിച്ച 'കനലിടങ്ങള്‍' എന്ന കാവ്യശില്പത്തിന്റെ അവതരണം നടന്നു. അരങ്ങിലും അണിയറയിലുമായി കല കുവൈറ്റ് പ്രവര്‍ത്തകര്‍ തന്നെ ഒരുക്കിയ ഈ കാവ്യശീല്പം അസഹിഷ്ണുതയുടെ രാഷ്ടീയം ചര്‍ച്ച ചെയ്യുന്നവേദിയില്‍ ഏറ്റവും അവസരോചിതപരമായ ഒന്നായി മാറി. പ്രേക്ഷകമനസ്സുകളെ ഒന്നാകെ സ്വാധീനിക്കുവാന്‍ 'കനലിടങ്ങളു'ടെ പിന്നില്‍ പ്രവര്‍ത്തിച്ച കലാകാരന്മാര്‍ക്ക് സാധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍