മീന ഷിക്കാഗോയില്‍ വാര്‍ഷിക വിരുന്നു സംഘടിപ്പിച്ചു
Friday, October 30, 2015 7:01 AM IST
ഷിക്കാഗോ: മലയാളി എന്‍ജിനിയേഴ്സ് അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക (മീന) വാര്‍ഷിക വിരുന്നു നടത്തി. കേരളീയരായ എന്‍ജിനിയര്‍മാര്‍ കുടുംബാംഗങ്ങളോടൊപ്പം ഒരുമിച്ചുകൂടിയ വാര്‍ഷിക വിരുന്നില്‍ വിവരസാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അതിഥികളായി എത്തിയ വിശിഷ്ട വ്യക്തികള്‍ അവരുടെ അനുഭവങ്ങളും ദീര്‍ഘവീക്ഷണവും പങ്കുവച്ചു. വിഭവസമൃദ്ധമായ അത്താഴവും വിനോദ പരിപാടികളോടെയും വാര്‍ഷിക വിരുന്നു പര്യവസാനിച്ചു.

കേരളത്തനിമയില്‍ മുഖ്യാതിഥി ഡോ. ആന്‍ കാലായില്‍ ഭദ്രദീപം തെളിച്ച് തുടങ്ങിയ ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഏബ്രഹാം ജോസഫ് മീനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. സാബു തോമസ് മുഖ്യാതിഥി ആന്‍ കാലായിലിനെ സദസിനു പരിചയപ്പെടുത്തി. ആയിരത്തിലധികം ഉദ്യോഗസ്ഥരുള്ള ജിഎസ്എയുടെ മേധാവിയായ ഡോ. കാലായിലിന്റെ മുഖ്യസന്ദേശം സദസിനെ സാമൂഹ്യ പ്രവര്‍ത്തനത്തിനു സജ്ജമാക്കുന്നവിധത്തിലുള്ളതായിരുന്നു.

എന്‍ജിനിയറിംഗ് സാങ്കേതികവിദ്യയില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയ മലയാളി എന്‍ജിനിയര്‍മാരില്‍നിന്നു തെരഞ്ഞെടുത്ത ഒരാള്‍ക്ക് 'എന്‍ജിനിയര്‍ ഓഫ് ദി ഇയര്‍' പുരസ്കാരം മീന എല്ലാവര്‍ഷവും നല്‍കി ആദരിക്കുന്നു. മലയാളികളുടെ ചരിത്രത്തില്‍ ആദ്യമായി അമേരിക്കന്‍ പ്രസിഡന്റില്‍ നിന്നും ദേശീയ അവാര്‍ഡു നേടിയ പത്മഭൂഷണ്‍ ഡോ. തോമസ് കൈലാത്തിന് ഈ വര്‍ഷത്തെ അവാര്‍ഡ് ഡോ. കാലായിലും പ്രസിഡന്റ് ഏബ്രഹാം ജോസഫും ചേര്‍ന്നു നല്‍കി ആദരിച്ചു.

ഡൊമിനിക് ഡൊമിനിക് ഡോ. കൈലാത്തിനെ സദസിനു പരിചയപ്പെടുത്തി. കേരളത്തിലെ ചെങ്ങന്നൂരിലുള്ള ചിറ്റൂര്‍ കുടുംബത്തില്‍ ജനിച്ച ഡോ. കൈലാത്ത് വിവരസാങ്കേതികവിദ്യയില്‍ ലോകം മുഴുവന്‍ ആദരിക്കുന്ന ഒരു പ്രതിഭാശാലിയായി മാറുന്നതിനിടയിലുണ്ടായ പ്രതിസന്ധികളും വെല്ലുവിളികളും സ്വന്തം അനുഭവത്തിലൂടെ പങ്കുവച്ചു. ഉന്നത സ്ഥാനത്തിരിക്കുമ്പോള്‍ തന്നെ സാമൂഹിക വിദ്യാഭ്യാസ സഹായങ്ങള്‍ ചെയ്യുന്ന ധര്‍മസ്ഥാപനവും ഡോ. കൈലാത്ത് നടത്തിവരുന്നു. 1950- 60 കാലഘട്ടങ്ങളില്‍ അമേരിക്കയില്‍ ഉണ്ട ായിരുന്ന ചുരുക്കം ചില മലയാളികളായ ഡോ. കൈലാത്തും, ഡോ. കാലായിലും ഒരുമിച്ചുകൂടി ഒരേ വേദി പങ്കിടുന്ന ഒരു അപൂര്‍വ്വ സംഗമംകൂടിയായിരുന്നു വാര്‍ഷിക വിരുന്ന്. ചടങ്ങില്‍ കാലിഫോര്‍ണിയ, അയോവ, വിസ്കോണ്‍സില്‍ തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍നിന്ന് എന്‍ജിനിയര്‍മാരും മറ്റു അതിഥികളും പങ്കെടുത്തത് ഒരു പ്രത്യേക അനുഭവമായിരുന്നു.

തുടര്‍ന്നു നടന്ന കലാവിരുന്നില്‍ കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്തു. സംഘനൃത്തത്തില്‍ സയോണ, അശ്വതി, സ്വാതി, പാര്‍വ്വതി, കിരണ്‍, ഷനെറ്റ് എന്നിവര്‍ ചേര്‍ന്നു ചുവടുവച്ചു. സുഭാഷ്, അനു, വൈശാലി, ജയിംസ്, സാബു തുടങ്ങിയവര്‍ മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചു. നാലു വയസ്സുകാരി നവോമിയുടെ ബാലെ നൃത്താവതരണം എല്ലാവര്‍ക്കും കൌതുകമായി. അവസാനമായി സനില്‍, സോണിയ, സോണിയ നൈനാന്‍, രേഷ്മ, ജിയ, സീന തുടങ്ങിയവര്‍ ചേര്‍ന്ന് അവതരിപ്പിച്ച സമൂഹ നൃത്തം നയനാനന്ദകരമായിരുന്നു. സെക്രട്ടറി ഫിലിപ്പ് മാത്യു പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

പുതുവത്സര ആഘോഷങ്ങള്‍ക്കും പുതുവര്‍ഷ പ്രവര്‍ത്തന പദ്ധതികളുടെ തുടക്കംകുറിക്കാനുമായി 2016 ജനുവരി രണ്ടിനു (ശനി) വൈകുന്നേരം വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ വാര്‍ഷിക വിരുന്നു സമാപിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം