പ്രവീണ്‍ സ്മരകളുമായി 'ഋതുബഹാര്‍' അരങ്ങേറി
Friday, October 30, 2015 7:01 AM IST
ഷിക്കാഗോ: ജസ്റീസ് ഫോര്‍ പ്രവീണ്‍ ഫണ്ട് ധനശേഖരണാര്‍ഥം നടത്തിയ കലാസന്ധ്യയ്ക്ക് സുപ്രസിദ്ധ ചലച്ചിത്രതാരം ജഗദീഷ്, പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, പണ്ഡിറ്റ് രമേഷ് നാരായണന്‍, മധുശ്രീ, നിഷാദ്, രചന നാരായണന്‍കുട്ടി, ആതിര ശങ്കര്‍, അഞ്ജന, സമുദ്ര ആര്‍ട്സ് താരങ്ങളായ സജീവ്, മധു എന്നിവര്‍ അടങ്ങുന്ന പതിനെട്ടോളം കലാകാരന്മാര്‍ അണിനിരന്ന 'ഋതുബഹാര്‍' മ്യൂസിക് ആന്‍ഡ് സിംഫണി ഷിക്കാഗോ മലയാളികള്‍ക്ക് വേറിട്ടൊരു അനുഭവമായി.

സ്ത്രീ പ്രകൃതിയാണെന്ന ആശയത്തില്‍ ഊന്നി അവതരിപ്പിച്ച ഗാനങ്ങളും ഡാന്‍സുകളും ഷിക്കാഗോയിലെ കലാവേദികളില്‍ എന്നും നിറസാന്നിധ്യമായിരുന്ന പ്രവീണിന്റെ സ്മരണകള്‍ തൊട്ടുണര്‍ത്തുന്നതായിരുന്നു. പ്രവീണിന്റെ സ്മരണയ്ക്കു മുന്നില്‍ ഋതുബഹാര്‍ ഡയറക്ടര്‍ വിനോദ് മങ്കട എഴുതി പണ്ഡിറ്റ് രമേഷ് നാരായണന്‍ സംഗീതം നല്‍കി ആലപിച്ച അവതരണ ഗാനം ഏവരുടേയും കണ്ണുകള്‍ ഈറനണിയിക്കുന്നതായിരുന്നു. പ്രവീണിനൊപ്പം നിരവധി നൃത്തവേദികളില്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ച 12 കുട്ടികള്‍ സനില്‍ ഫിലിപ്പ്, ജോഷ്വാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ട്രിബ്യൂട്ട് ഏറെ പ്രശംസ പിടിച്ചുപറ്റി. എസ് ആന്‍ഡ് ആര്‍ ഷിക്കാഗോ ഡാന്‍സ് സ്കൂള്‍, സൂര്യ ഡാന്‍സ് സ്കൂള്‍ എന്നിവരുടെ നൃത്തവും ശ്രദ്ധേയമായി.

റവ. ഏബ്രഹാം സ്കറിയയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച സമ്മേളനം മോര്‍ട്ടന്‍ഗ്രോവ് മേയര്‍ ഡാന്‍ ഡി മരിയ ഉദ്ഘാടനം ചെയ്തു. സ്റേറ്റ് സെനറ്റര്‍ മൈക്ക് നോളന്റ്, സെനറ്റര്‍ സ്ഥാനാര്‍ഥി രാജാ കൃഷ്ണമൂര്‍ത്തി എന്നിവര്‍ സദസിനെ അഭിസംബോധന ചെയ്യുകയും നീതിക്കായുള്ള കുടുംബത്തിന്റെ പോരാട്ടത്തിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.



പ്രവീണ്‍ ആക്ഷന്‍ കൌണ്‍സില്‍ കണ്‍വീനേഴ്സായ മറിയാമ്മ പിള്ള, ഗ്ളാഡ്സണ്‍ വര്‍ഗീസ് എന്നിവര്‍ സംഘടനയുടെ നാളിതുവരെയുള്ള മാതൃകാപരമായ പ്രവര്‍ത്തനങ്ങളും പുരോഗതിയും പങ്കുവച്ചു. പ്രവീണിന്റെ മാതാവ് ലൌലി വര്‍ഗീസ് കേസിന്റെ കാര്യങ്ങള്‍ വിശദീകരിക്കുകയും സമൂഹം നല്‍കുന്ന സഹായ സഹകരണങ്ങള്‍ക്ക് നന്ദി അറിയിച്ചു. കുടുംബത്തിനു നിയമസഹായത്തിനായി വോളന്റിയറായി സേവനം ചെയ്യുന്ന അറ്റോര്‍ണി ജിമ്മി വാച്ചാച്ചിറ, മാധ്യമങ്ങളില്‍ ഈ വാര്‍ത്ത നിലനിര്‍ത്തുന്ന ജോയിച്ചന്‍ പുതുക്കുളം, പ്രവീണ്‍ വധത്തില്‍ വഴിത്തിരിവ് വരുത്തിയ ഫ്യൂണറല്‍ ഹോം ഡയറക്ടര്‍ മാര്‍ക്ക് റിസോ എന്നിവരെ ഫലകം നല്‍കി ആദരിച്ചു. ബീന വള്ളിക്കളം, ടെസി ഞാറവേലില്‍ എന്നിവര്‍ ഗ്രാന്റ് സ്പോണ്‍സേഴ്സിനെ സദസിനു പരിചയപ്പെടുത്തുകയും അതിഥി താരങ്ങള്‍ സ്പോണ്‍സേഴ്സിനെ പൂച്ചെണ്ടു നല്‍കി ആദരിക്കുകയും ചെയ്തു. സിറിയക് കൂവക്കാട്ടില്‍ സ്വാഗതവും രാജു വര്‍ഗീസ് നന്ദിയും അറിയിച്ചു. ഷിജി അലക്സ്, സൂസന്‍ ഇടമല എന്നിവര്‍ എംസിമാരായിരുന്നു. സിറിയക് കൂവക്കാട്ടില്‍, ഗ്രേസി വാച്ചാച്ചറി, രാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പരിപാടിയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി പ്രവര്‍ത്തിച്ചു.