സാംസ്കാരിക ഉന്നമനത്തിനു സമന്വയ വിദ്യാഭ്യാസം അനിവാര്യം: കാന്തപുരം
Friday, October 30, 2015 6:55 AM IST
ജുബൈല്‍: വര്‍ധിച്ചുവരുന്ന മൂല്യച്യുതിക്കും സാംസ്കാരിക അപചയത്തിനും സമന്വയ വിദ്യാഭ്യാസത്തിലൂടെ മാത്രമേ പരിഹാരം കാണാന്‍ കഴിയൂ എന്നും ആഗോളതലത്തില്‍ നടക്കുന്ന ഭീകരതീവ്രവാദ പ്രവര്‍ത്തങ്ങളില്‍ പങ്കാളികളാവുന്നവര്‍ വിവേകശൂന്യരും വിദ്യാഭ്യാസമില്ലാത്തവരുമാണെന്നും അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. ജുബൈല്‍ പ്രവാസികള്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശരിയായ മതവിജ്ഞാനം ലഭിക്കാത്തവരും ഭൌതിക വിദ്യാഭ്യാസം മാത്രം നേടിയവരുമാണ് ലോകത്തു വര്‍ധിച്ചു വരുന്ന ഭീകര, തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്. കേരളത്തിലെ മതപണ്ഡിതന്‍മാരുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടലുകളാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ വ്യാപിക്കാതിരിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

മര്‍ക്കസ് വൈസ് ചാന്‍സലര്‍ ഡോ. ചുള്ളിക്കോട് ഹുസൈന്‍ സഖാഫി, മര്‍ക്കസ് ഡയറക്ടര്‍ ഡോ. എ.പി. അബ്ദുള്‍ ഹക്കീം അസ്ഹരി, സക്കരിയ സിഇഒ അല്‍ മുസൈന്‍, അബ്ദുള്‍ കരീം ഖാസിമി എന്നിവര്‍ സംബന്ധിച്ചു. ഖമറുദ്ദീന്‍ മംഗലാപുരം പരിപാടി നിയന്ത്രിച്ചു. ഷരീഫ് മണ്ണൂര്‍ സ്വാഗതവും കാസിം പുളിഞ്ഞാല്‍ നന്ദിയും പറഞ്ഞു.