വാരാന്ത്യ അവധി രണ്ടു ദിവസം നല്‍കാനുള്ള ഉത്തരവു മന്ത്രി സഭ മരവിപ്പിച്ചു
Friday, October 30, 2015 6:54 AM IST
ദമാം: സൌദിയിലെ സ്വകാര്യമേഖലയില്‍ വാരാന്ത്യ അവധി രണ്ടു ദിവസം നല്‍കാനുള്ള ഉത്തരവു മന്ത്രി സഭ മരവിപ്പിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. വാണിജ്യ വ്യവസായ മേഖലയില്‍നിന്നുള്ള എതിര്‍പ്പു കണക്കിലെടുത്ത് കൂടുതല്‍ പഠനത്തിനായി മാറ്റി വച്ചതെന്നാണു മന്ത്രാലയത്തോടടുത്തുള്ള വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്.

സൌദിയിലെ സ്വകാര്യ മേഖലയില്‍ രണ്ടു ദിവസം വാരാന്ത്യ അവധി നടപ്പിലാക്കുന്നതു സംബന്ധിച്ചു പുനപരിശോധിക്കുന്നതിനും കൂടുതല്‍ പഠനം നടത്തുന്നതിനും മന്ത്രി സഭ ശൂറ കൌണ്‍സിലിനെ ചുമതലപ്പെടുത്തിയതായി തൊഴില്‍ മന്ത്രി ഡോ. മുഹമ്മദ് അല്‍ ഹഖ്ബാനി നേരത്തെ അറിയച്ചിരുന്നു.

സ്വകാര്യമേഖലയില്‍ രണ്ടു ദിവസം അവധി നല്‍കുന്നതിരേ സൌദി വാണിജ്യ വ്യവസായ മേഖലയില്‍നിന്നു വലിയ എതിര്‍പ്പാണ് ഉയര്‍ന്നത്. സേവന ഉത്പാദന മേഖലയില്‍ ചെലവ് കുടാന്‍ ഇത് ഇടയാക്കുമെന്നായിരുന്നു അവരുടെ വാദം. അവധി നല്‍കാനുള്ള നീക്കത്തിനെതിരേ സൌദി ചേംബര്‍ ഓഫ് കൊമേഴ്സും പരസ്യമായി രംഗത്തുവന്നിരുന്നു.

സ്വദേശി യുവാക്കളെ സ്വകാര്യമേഖലയിലേക്കു ആകര്‍ഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുമേഖലയ്ക്കു തുല്യമായി സ്വകാര്യ മേഖലയിലും രണ്ടു ദിവസത്തെ വരാന്ത്യ അവധി നടപ്പാക്കണമെന്ന നിയമം ശൂറ കൌണ്‍സില്‍ നേരത്തേ പാസാക്കിയത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം