നവയുഗം ജനകീയോത്സവം ഒക്ടോബര്‍ 30ന്
Tuesday, October 27, 2015 7:01 AM IST
ദമാം: നവയുഗം സാംസ്കാരിക വേദി ദമാം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള പിറവിയോടനുബന്ധിച്ചു ആരോഗ്യമേഖലയ്ക്കൊപ്പം കലാ, സാംസ്കാരിക മേഖലയെയും സമന്വയിപ്പിച്ച് പരിപാടികള്‍ സംഘടിപ്പിക്കുന്നു.

'നവയുഗം ജനകീയോത്സവം' എന്നു പേരിട്ടിരിക്കുന്ന പരിപാടി ഒക്ടോബര്‍ 30നു (വെള്ളി) ദമാമിലെ ഉമ്മുല്‍ സഹിക്കില്‍ രാവിലെ എട്ടു മുതല്‍ രാത്രി 9.30 വരെയാണ് പരിപാടികള്‍.

കുട്ടികളുടെ ചിത്രരചനാ മത്സരം, പ്രവാസി ചിത്രകാരന്‍മാരുടെ ചിത്ര പ്രദര്‍ശനവും വില്‍പ്പനയും നവയുഗം വായനാ വേദിയുടെ പുസ്തക പ്രദര്‍ശനവും പുസ്തക പരിചയവും ഹൃദ്രോഗ വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന ഹൃദ്രോഗ പ്രഥമ ശുശ്രൂഷാ പരിശീലനം (ഇജഞ), ഡോക്ടര്‍ ഫെമിന അലിയുടെ നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്കു മാത്രമായി സ്ത്രീരോഗ സെമിനാര്‍, സൌജന്യ മെഡിക്കല്‍ ക്യാമ്പ്, വടംവലി മത്സരങ്ങള്‍, ഫുട്ബോള്‍ മത്സരങ്ങള്‍, പെനാല്‍ട്ടി ഷൂട്ട് ഔട്ട് മത്സരം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക വക്തിത്വവികസന മത്സരങ്ങള്‍, സാംസ്കാരിക ഘോഷയാത്ര, പ്രവിശ്യയിലെ കലാ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം എന്നിവയ്ക്കു പുറമേ കേരളത്തില്‍ അന്ന്യംനിന്നുപോകുന്ന കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തി നവയുഗം ദമാം മേഖലാ കലാവേദിയുടെ കലാകാരന്‍മാര്‍ അണിയിച്ചൊരുക്കുന്ന കേരളത്തനിമയുള്ള കലാപരിപാടികളും അരങ്ങേറും.

സ്കൂള്‍ കുട്ടികള്‍ക്കായാണു ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നത്. ജൂണിയര്‍, സബ് ജൂണിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുന്നത്. എല്ലാ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കു സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടാതെ പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനവും നല്‍കും.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ നവയുഗം യൂണിറ്റുകള്‍ മുഖേനെയോ 050 9950 580 എന്ന നമ്പറില്‍ നേരിട്ടോ പേരു നല്‍കേണ്ടതാണ്.

വിവരങ്ങള്‍ക്ക്: 0530420217, 0543613577, 0509950580.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം