സിബിഎസ്ഇ സ്കൂളുകള്‍ക്ക് പുതിയ അറബി പുസ്തകവുമായി മലയാളി രംഗത്ത്
Tuesday, October 27, 2015 6:56 AM IST
ദുബായി: ന്യൂഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്റെ കീഴില്‍ ഒന്നു മുതല്‍ എട്ടു വരെ ക്ളാസുകളില്‍ രണ്ടാം ഭാഷ ആയും മൂന്നാം ഭാഷ ആയും അറബി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു സഹായകമായ പുസ്തക പരമ്പരയുമായി മലയാളി രംഗത്ത്. രണ്ടു പതിറ്റാണ്േടാളം ഇന്ത്യയിലും ഗള്‍ഫിലുമുള്ള പ്രമുഖ സിബിഎസ്ഇ സ്കൂളുകളില്‍ അറബി പഠിപ്പിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അമാനുള്ള വടക്കാങ്ങരയാണ് പുതിയ അറബി പരമ്പരയുമായി രംഗത്തു വന്നിരിക്കുന്നത്. സിബിഎസ്ഇക്കോ എന്‍സിആര്‍ടിക്കോ ഒന്നു മുതല്‍ എട്ടുവരെ ക്ളാസുകളില്‍ അറബി പഠിപ്പിക്കുവാന്‍ നിശ്ചിതമായ ടെക്സ്റ് ബുക്കുകളില്ലാത്തത് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരു പോലെ തലവേദനയായിരുന്നു. പല സ്കൂളുകളും വിദേശി പ്രസാധകരുടെ പുസ്തകങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഇത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു ഏറെ പ്രയാസം സൃഷ്ടിച്ചു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യക്കകത്തും പുറത്തും സിബിഎസ്ഇ സ്കൂളുകളില്‍ ഒന്നു മുതല്‍ എട്ടുവരെ ക്ളാസുകളില്‍ അറബി രണ്ടാം ഭാഷയായും മൂന്നാം ഭാഷയായും പഠിക്കുന്ന വിദ്യാര്‍ഥികളെ ഉദ്ദേശിച്ച് അറബിക് ഫോര്‍ ഇംഗ്ളീഷ് സ്കൂള്‍സ് എന്ന ആശയമുദിച്ചതെന്ന് അമാനുള്ള വടക്കാങ്ങര പറഞ്ഞു. ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ പ്രസാധകരായ കൃതി പ്രകാശന്‍ പ്രസിദ്ധീകരിച്ച പരമ്പരക്ക് വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പുസ്തകം യുഎഇയിലെ സ്കൂളുകളില്‍ പരിചയപ്പെടുത്തുന്നതിനായി ദുബായിലെത്തിയ അമാനുള്ള പറഞ്ഞു.

ഖത്തറിലും സൌദി അറേബ്യയിലും കുവൈത്തിലും പല ഇന്ത്യന്‍ സ്കൂളുകളും ഇതിനകം തന്നെ പുസ്തകം അംഗീകരിച്ചു കഴിഞ്ഞു. ഒമാനിലും യുഎഇയിലും ബഹറിനിലും താമസിയാതെ പുസ്തകം ലഭ്യമാക്കും.

ഭാഷാ പഠനത്തിന്റെ നൂതന രീതികള്‍ അവലംബിക്കുന്ന അറബിക് ഫോര്‍ ഇംഗ്ളീഷ് സ്കൂള്‍സ് പരമ്പര സാഹിത്യ ഭാഷയും സംസാര ഭാഷയും സമന്വയിപ്പിക്കുന്ന രീതിയാണ് പിന്തുടരുന്നത്. ഇത് ഗള്‍ഫ് നാടുകളിലെ വിദ്യാര്‍ഥികള്‍ക്കു ഭാഷാ പഠനം കൌതുകകരവും കാര്യക്ഷമവുമാക്കാന്‍ സഹായകമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അറബി ഭാഷ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും ഉദ്ദേശിച്ച് നിരവധി പുസ്തകങ്ങള്‍ തയാറാക്കിയ അമാനുള്ള വടക്കാങ്ങരയുടെ സ്പോക്കണ്‍ അറബിക് പുസ്തകങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.

അറബി സംസാരിക്കുവാന്‍ ഒരു ഫോര്‍മുല, സ്പോക്കണ്‍ അറബിക് ഗുരുനാഥന്‍, സ്പോക്കണ്‍ അറബിക്, സ്പോക്കണ്‍ അറബിക് മാസ്റര്‍, സ്പോക്കണ്‍ അറബിക് ട്യൂട്ടര്‍, സ്പോക്കണ്‍ അറബിക് മെയിഡ് ഈസി, സ്പോക്കണ്‍ അറബിക് ഫോര്‍ എവരിഡേ എന്നിവയാണ് പ്രധാന കൃതികള്‍.

കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ അറബി പഠിക്കുന്ന വിദ്യാര്‍ഥികളെ ഉദ്ദേശിച്ച് അമാനുള്ള തയാറാക്കിയ അറബി സാഹിത്യ ചരിത്രം കഴിഞ്ഞ 27 വര്‍ഷങ്ങളായി ആയിരക്കണക്കിനു വിദ്യാര്‍ഥികളുടെ ആശ്രയമാണ്.

ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ അറബിക് ആന്‍ഡ് ഇസ്ലാമിക് സ്റഡീസ് വകുപ്പു മേധാവിയായിരുന്ന അമാനുള്ള മാധ്യമപ്രവര്‍ത്തകനും പരിശീലകനും വിദ്യാഭ്യാസ വിചക്ഷണനുമാണ്.