ഷിക്കാഗോ ഗീതാമണ്ഡലം നവരാത്രി ആഘോഷങ്ങള്‍ ഗംഭീരമായി
Tuesday, October 27, 2015 5:43 AM IST
ഷിക്കാഗോ: ഷിക്കാഗോ ഗീതാമണ്ഡലം നവരാത്രി ആഘോഷിച്ചു. അജ്ഞാനാന്ധകാരത്തെ അകറ്റി ജ്ഞാനദീപം മനസില്‍ തെളിയുന്ന വിജയ ദിവസമായ വിജയദശമി നാളില്‍ മഹാദുര്‍ഗയുടെയും മഹാലക്ഷ്മിയുടെയും മഹാസരസ്വതിയുടെയും മുന്നില്‍ വിദ്യക്കും തൊഴിലിനും ഐശ്വര്യത്തിനും വേണ്ടിയുള്ള വിശേഷാല്‍ പൂജയ്ക്കു പ്രധാന പൂജാരി ലക്ഷ്മി നാരായണ ശാസ്ത്രികള്‍ കാര്‍മ്മികത്വം വഹിച്ചു. വേദമന്ത്ര ധ്വനിമുഖരിതമായ അന്തരീഷത്തില്‍ ലോകശാന്തിക്കും സര്‍വ ഐശ്വര്യങ്ങള്‍ക്കും വേണ്ടി വിഘ്നനിവാരകനായ മഹാഗണപതിക്കും ആദി പരാശക്തിക്കും പ്രത്യേക പൂജകള്‍ നടന്നു. തുടര്‍ന്നു നടന്ന ഭജനയ്ക്കുശേഷം ബിജു കൃഷ്ണന്‍, വിജയ ദശമിയുടെ മാഹാത്മ്യവും സനാതന ധര്‍മ്മത്തില്‍ വിദ്യാരംഭത്തിന്റെ പ്രാധാന്യം എന്നി വിഷയങ്ങളെ പറ്റിയുള്ള സത്സംഗ പ്രഭാഷണം നടത്തി.

തദവസരത്തില്‍ ഗീതാ മണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്‍ ലോകത്തിന്റെ ആത്മീയ തലസ്ഥാനമായ ഭാരതത്തിനു അഭിമാനിക്കുവാന്‍ നിരവധി സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുണ്ട് എന്നും സനാതനമായ മഹത്തായ പാരമ്പര്യവും അതിലൂടെ കൈമാറി വന്ന ശ്രേഷ്ഠമായ സംസ്കാരവും അറിവും ഈശ്വരീയമാണെന്നും അതുകൊണ്ടുതന്നെയാണു വിദ്യാരംഭത്തിനും ഗുരുപരമ്പര മഹത്വത്തിനും നാം പ്രാധാന്യം നല്‍കുന്നത് എന്ന് അഭിപ്രായപ്പെട്ടു. ട്രഷറര്‍ അപ്പുക്കുട്ടന്‍ ശേഖരന്‍, തിരുവൈക്കത്തപ്പന്റെ കോവിലിന്റെ മാതൃകയില്‍ പണിയുന്ന ശ്രീകോവിലിനെ പറ്റിയും അതുപോലെ കെഎച്ച്എന്‍എ ആരംഭിച്ച എല്ലാ ഗ്രഹത്തിലും ഭഗവദ്ഗീത എന്ന പദ്ധതിയെപ്പറ്റിയും വിവരിച്ചു. സെക്രട്ടറി ബൈജു മേനോന്‍ പുരുഷസൂക്തത്തിന്നും ശ്രീസൂക്തത്തിന്നും ഗണേശ അഥര്‍വ ശീര്‍ഷ ഉപനിഷത്തിന്നും ചമകങ്ങള്‍ക്കും നേതൃത്വം നല്കിയ ശിവരാമകൃഷ്ണ ശാസ്ത്രിക്കും ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ വന്‍ വിജയമാക്കാന്‍ പരിശ്രമിച്ച പ്രവര്‍ത്തകരെയും വിജയദശമി ആഘോഷങ്ങള്‍ സ്പോണ്‍സര്‍ ചെയ്ത ജിതേന്ദ്ര കൈമളിനും നവരാത്രി ആഘോഷങ്ങളില്‍ നേതൃത്വം നല്‍കിയ ആനന്ദ് പ്രഭാകറിനും, പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു. ആനന്ദ് പ്രഭാകര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം