ഫീനിക്സ് ഹോളി ഫാമിലി ദേവാലയത്തില്‍ ഹാലോവിന്‍ ആഘോഷങ്ങള്‍ അരങ്ങേറി
Tuesday, October 27, 2015 5:42 AM IST
ഫീനിക്സ്: ഫീനിക്സിലെ സീറോ മലബാര്‍ ഹോളി ഫാമിലി ദേവാലയാങ്കണത്തില്‍ ഹാലോവിന്‍ ആഘോഷങ്ങള്‍ അരങ്ങേറി. ഇക്കുറി ഹോളിഫാമിലി സണ്‍ഡേ സ്കൂളിലെ പുതിയ തലമുറ വിദ്യാര്‍ഥികളാണു ന്യൂജെന്‍ അവതരണശൈലിയുമായി അരങ്ങിലെത്തിയത്. ഹാലോവിന്‍ ആഘോഷങ്ങളില്‍ വിരുന്നുകാരായെത്തുന്ന പൂര്‍വാത്മാക്കള്‍ക്കു ബദലായി കത്തോലിക്കാ സഭയിലെ വിശുദ്ധരെ രംഗത്തവതരിപ്പിച്ചാണു വിശ്വാസ പരിശീലനാര്‍ഥികള്‍ അഭിനയ മികവ് തെളിയിച്ചത്. എല്ലാവര്‍ഷവും ഹാലോവിന്‍ ദിനത്തില്‍ ഭൂതപ്രേതാദികളുടെ രൂപത്തില്‍ എത്തിച്ചേരുന്ന പൂര്‍വാത്മാക്കളെ ആഘോഷപൂര്‍വം സ്വീകരിക്കുന്നതിനു പകരം അനുദിന ജീവിതത്തില്‍ നിത്യ സന്ദര്‍ശകരായി എത്തുന്ന വിശുദ്ധരെ സ്വീകരിച്ച് അനുകരിച്ചാല്‍ ജീവിതം കൂടുതല്‍ വിശുദ്ധീകരിക്കപ്പെടുമെന്നാണ് അഭിനേതാക്കള്‍ കാണികളെ ഉദ്ബോധിപ്പിച്ചത്.

ദീര്‍ഘനാളത്തെ പരിശീലനത്തിനുശേഷം ഏറെ സാങ്കേതിക തികവുകളോടെയാണ്ു വിശുദ്ധരും പുണ്യരംഗങ്ങളും അരങ്ങിലെത്തിയത്. പന്തക്കുസ്തായും കാനായിലെ കല്യാണവും ബൈബിള്‍ അനുഭവങ്ങളുടെ ദൃശ്യാവിഷ്കാരങ്ങളായപ്പോള്‍, ഫാത്തിമയും ലൂര്‍ദും പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിയും ഭാവാവിഷ്കാരങ്ങളായി. അപ്രതീക്ഷിതമായി സ്റേജിലെത്തിയ വിശുദ്ധ ജോണ്‍ പോള്‍ പ്രേക്ഷകരില്‍ പുണ്യവിസ്മയമൊരുക്കിയപ്പോള്‍, ഭാരതത്തിലെ അല്‍ഫോന്‍സാമ്മയും, ചാവറയച്ചനും, ഏവുപ്രാസ്യാമ്മയും കേരളത്തനിമയില്‍ വിശുദ്ധരുടെ വേദിയിലെത്തി. കൈക്കുഞ്ഞുങ്ങള്‍ കുഞ്ഞിപ്പൈതങ്ങളുടേയും മാലാഖമാരുടേയും വേഷത്തിലെത്തിയ അതേ അരങ്ങില്‍ വല്യപ്പച്ചന്മാരും വല്യമ്മച്ചിമാരുമെത്തി ഇഷ്ട വിശുദ്ധരുടെ റോളില്‍.

മുപ്പതോളം ദൃശ്യാവിഷ്കാരങ്ങളാണു പ്രേക്ഷകരില്‍ ഭക്തിയുടെ ദിവ്യ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച് പുണ്യ വിസ്മയമൊരുക്കിയത്. ഇടവക വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ പരിപാടികളുടെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു. സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ സാജന്‍ മാത്യു, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഷാജു ഫ്രാന്‍സീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണു പരിപാടികള്‍ ഏകോപിപ്പിച്ചത്. മാത്യു ജോസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം