മത്സ്യവില്‍പ്പന കേന്ദ്രങ്ങള്‍ വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം
Monday, October 26, 2015 7:42 AM IST
ദമാം: ഓരോ ഇനം മത്സ്യങ്ങളുടേയും വില വ്യക്തമാക്കുന്ന വില വിവരപ്പട്ടിക ഉപയോക്താക്കളുടെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചിരിക്കണമെന്നു കിഴക്കന്‍ പ്രവിശ്യാ നഗരസഭ നിര്‍ദേശം നല്‍കി. നഗരസഭയ്ക്കു കീഴിലുള്ള ബലദിയകള്‍ക്കാണു പുതിയ നിര്‍ദേശം. മത്സ്യ ക്ഷാമത്തിന്റെ പേരില്‍ പല സഥാപനങ്ങളും വന്‍ തോതില്‍ വില ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പുതിയ നിര്‍ദേശം.

ദമാമിന്റെ വിവിധ ഭാഗങ്ങളിലുള്ള 250ല്‍ പരം വരുന്ന മത്സ്യവിപണന മാര്‍ക്കറ്റുകള്‍ക്കു നിര്‍ദേശം ബാധകമാണ്. ദമാമിനെക്കൂടാതെ അല്‍ കോബാറിലും പ്രവര്‍ത്തിക്കുന്ന മത്സ്യവിപണന സ്ഥാപനങ്ങള്‍ക്കും പുതിയ നിര്‍ദേശം ബാധകമാണെന്നു നഗരസഭ അധികൃതര്‍ വ്യക്തമാക്കി.

സ്ഥാപനങ്ങള്‍ വില പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥ പ്രഖ്യാപിച്ചതോടെ ദമാം മാര്‍ക്കറ്റില്‍ 30 ശതമാനത്തിലേറെ മത്സ്യത്തിനു വില കുറഞ്ഞിട്ടുണ്ടന്നു ബലദിയ അധികൃതര്‍ അറിയിച്ചു. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുമെന്നു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ദമാമിലെ എഴായിരത്തോളം വാണിജ്യ സ്ഥാപനങ്ങള്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് കഴിഞ്ഞ ആഴ്ച ദമാം സെന്റര്‍ ബലദിയ ഉത്തരവു പുറപ്പെടുവിച്ചിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം