പരിഷ്കരിച്ച നിയമവും നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷയും; തൊഴില്‍ മന്ത്രലായം ഉത്തരവിറക്കി
Monday, October 26, 2015 7:42 AM IST
ദമാം: 61 നിയമ ലംഘനങ്ങളും അവയുടെ ശിക്ഷയും വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവിലാണു പരിഷ്കരിച്ച നിയമവും നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷയും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയത്.

തൊഴിലാളിയുടെ ശമ്പളം പൂര്‍ണമായോ ഭാഗികമായോ തടഞ്ഞുവയ്ക്കുക, തൊഴില്‍ കരാര്‍ അവസാനിക്കുന്ന വേളയില്‍ തൊഴിലാളിയുടെ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും തിരിച്ചു നല്‍കാതിരിക്കുക, തുടങ്ങിയ വീഴ്ചകള്‍ക്കു 5000 റിയാല്‍ പിഴ ഈടാക്കും.

തൊഴിലാളിക്ക് സേവനാനന്തരം സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത തൊഴിലുടമക്കെതിരേ 5000 റിയാലും പിഴയീടാക്കുമെന്നു തൊഴില്‍ മന്ത്രലായം വ്യക്തമാക്കി.

തൊഴിലാളിയുടെ സമ്മതമില്ലാതെ അവരുടെ പാസ്പോര്‍ട്ട് സൂക്ഷിക്കുന്ന തൊഴിലുടമയുടെ മേല്‍ ഓരോ തൊഴിലാളിയുടെയും പാസ്പോര്‍ട്ടിന്റെ പേരില്‍ 2000 റിയാല്‍ വീതം പിഴ ഈടാക്കും.

തൊഴില്‍ കരാറില്ലാതെ ജോലിക്കു വയ്ക്കുന്ന തൊഴിലുടമയുടെ പേരില്‍ 5000 റിയാലാണു പിഴ. തിരിച്ചറിയല്‍ രേഖ, തൊഴില്‍ പെര്‍മിറ്റ്, എക്സിറ്റ്, റീഎന്‍ട്രി വീസ തുടങ്ങിയ വിവിധ ഗവണ്‍മെന്റ് ഫീസുകള്‍ തൊഴിലാളിയില്‍നിന്നു തന്നെ ഈടാക്കുന്ന തൊഴിലുടമയുടെ പേരില്‍ പതിനായിരം റിയാല്‍ ആണ് പിഴ ഈടാക്കുന്നതെന്ന് പരിഷ്കരിച്ച തൊഴില്‍ നിയമത്തില്‍ മന്ത്രാലയം വ്യക്തമാക്കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം