ലാന ദേശീയ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 30, 31 നവംബര്‍ ഒന്ന് തീയതികളില്‍
Friday, October 23, 2015 7:31 AM IST
ഡാളസ്: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെ ദേശിയ കണ്‍വന്‍ഷന്‍ ഏട്രിയം ഹോട്ടല്‍ ആന്‍ഡ് സ്യൂട്ട്സില്‍ (ഒ.വി. വിജയന്‍ നഗറില്‍) ഒക്ടോബര്‍ 30, 31, നവംബര്‍ ഒന്ന് തീയതികളില്‍ നടക്കും.

വടക്കേ അമേരിക്കയിലുള്ള മലയാളി എഴുത്തുകാരുടെ വിവിധ സംഘടനകളുടെ ദേശിയ കൂട്ടായ്മയായ ലാനയുടെ കണ്‍വന്‍ഷനില്‍ കവിതാ സെമിനാര്‍, കാവ്യ സന്ധ്യ, സാഹിത്യ സെമിനാര്‍, നോവല്‍ ചര്‍ച്ച, മാധ്യമ സെമിനാര്‍, ചെറുകഥാ ശില്പശാല, പൊതു സമ്മേളനങ്ങള്‍ എന്നിവ കണ്‍വന്‍ഷനെ ആകര്‍ഷകമാക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനു വിവിധ കലാപരിപാടികളും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ ഓര്‍മയ്ക്കായുള്ള മ്യൂസിയവും ഡാളസ് പട്ടണം കാണുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

ഷിക്കാഗോയില്‍ നിന്നുള്ള ഷാജന്‍ ആനിത്തോട്ടം പ്രസിഡന്റായും ഡാളസില്‍ നിന്നുള്ള ജോസ് ഓച്ചാലില്‍ സെക്രട്ടറിയായും ന്യൂയോര്‍ക്കില്‍നിന്നുള്ള ജെ. മാത്യൂസ് ഖജാന്‍ജിയായുമുള്ള നാഷണല്‍ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഡാളസില്‍ പ്രവര്‍ത്തിക്കുന്ന കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് (കെഎല്‍എസ്) ആണു കണ്‍വെന്‍ഷനു ആതിഥേയത്വം വഹിക്കുന്നത്.