കാലിഫോര്‍ണിയ-ന്യൂഡല്‍ഹി സര്‍വീസ്: എയര്‍ ഇന്ത്യ പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു
Friday, October 23, 2015 5:10 AM IST
കാലിഫോര്‍ണിയ: കാലിഫോര്‍ണിയ -ന്യൂഡല്‍ഹി എയര്‍ഇന്ത്യ വിമാനയാത്രയ്ക്കു പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ടിനു ആദ്യമായി ആരംഭിക്കുന്ന എയര്‍ ഇന്ത്യ സര്‍വീസ് ഉദ്ഘാടനത്തോട് അനുബന്ധിച്ചാണു ഫിനാന്‍സ് ഡയറക്ടര്‍ എസ്. വെങ്കിട്ട് പുതിയ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചത്.

ഒക്ടോബര്‍ 15-നു കാലിഫോര്‍ണിയയില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ കമ്യൂണിറ്റി ലീഡേഴ്സിന്റെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വെങ്കിട്ട്. റൌണ്ട് ട്രിപ്പിനു ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 999 ഡോളര്‍ നല്‍കിയാല്‍ മതി. ഡിസംബര്‍ രണ്ടു മുതല്‍ ജനുവരി 31 വരെ യാത്ര ചെയ്യുന്നവര്‍ക്ക് ഇപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഇതേ കാലയളവില്‍ പ്രീമിയം കമ്പനികളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇന്ത്യയില്‍ എവിടെയും എക്സിക്യൂട്ടീവ് ക്ളാസില്‍ സൌജന്യമായി റൌണ്ട് ട്രിപ്പിനുള്ള ടിക്കറ്റ് എയര്‍ ഇന്ത്യ നല്‍കുമെന്നു ഡയറക്ടര്‍ അറിയിച്ചു.

ആഴ്ചയില്‍ ഞായര്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ബോയിംഗ് 777 രാവിലെ പത്തിനു കാലിഫോര്‍ണിയയില്‍നിന്നു പുറപ്പെട്ട് ന്യൂഡല്‍ഹിയില്‍ വൈകിട്ട് 3.55നും, ഡല്‍ഹിയില്‍നിന്നും ഇതേ ദിവസങ്ങളില്‍ പുലര്‍ച്ചെ 2.45-നു പുറപ്പെട്ട് കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ രാവിലെ ആറിനും എത്തിച്ചേരും. 17 മണിക്കൂറാണു യാത്രാസമയം. യാത്ര വളരെ സുഖകരമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതാണെന്നു ഡയറക്ടര്‍ അറിയിച്ചു.

എയര്‍ ഇന്ത്യ അമേരിക്കയില്‍നിന്ന് ആരംഭിക്കുന്ന നാലാമത്ത് സര്‍വീസാണിത്. ന്യൂയോര്‍ക്ക്, ന്യൂവാര്‍ക്ക്, ഷിക്കാഗോ എന്നിവിടങ്ങളില്‍ നേരത്തേ എയര്‍ ഇന്ത്യ സര്‍വീസ് നിലവിലുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍