ഡോക്യുമെന്ററികളുടെ ലോകം അനാവരണം ചെയ്ത് സൈമണും ഗീതാഞ്ജലിയും
Friday, October 23, 2015 5:08 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെ ലോകോത്തര ഡോക്യുമെന്ററികള്‍ പരിചയപ്പെടുത്തി പ്രഗല്ഭ ഡോക്യുമെന്റി സംവിധായകരായ സൈമണ്‍ കുര്യനും ഗീതാഞ്ജലി കുര്യനും. ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബിന്റെ അന്താരാഷ്ട്ര മാധ്യമസമ്മേളനത്തോടനുബന്ധിച്ചു നടന്ന വര്‍ക്ക്ഷോപ്പിലാണു ഡോക്യുമെന്ററികളെക്കുറിച്ച് ഇവര്‍ വിശദമായി ക്ളാസെടുത്തത്. വിവിധ തരത്തിലുളള ഡോക്യുമെന്ററികളെക്കുറിച്ചും അവയുടെ നിര്‍മാണഘട്ടങ്ങളക്കുറിച്ചും വളരെ വിശദമായി ഇരുവരും ക്ളാസുകളെടുത്തു. ഒരു ഡോക്യുമെന്ററിയുടെ നിര്‍മാണഘട്ടങ്ങളില്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങളെക്കുറിച്ച് ഉദാഹരണസഹിതമാണ് അവര്‍ വ്യക്തമാക്കിയത്. ഡോക്യുമെന്ററികളെക്കുറിച്ച് സദസില്‍നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്കു വളരെ വിശദമായിതന്നെ ഇരുവരും മറുപടി പറഞ്ഞു. പോള്‍ പനയ്ക്കല്‍ ആയിരുന്നു മോഡറേറ്റര്‍.

വിവിധ സാമൂഹ്യ, പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് ഇരുവരും ചേര്‍ന്നു ചെയ്ത ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിച്ചു. ഒപ്പം, അവയുടെ ചിത്രീകരണ വേളയിലെ അനുഭവങ്ങളും പങ്കുവച്ചു. രണ്ടര ദശകങ്ങളായി ഡോക്യുമെന്ററി നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സൈമണ്‍ ബിബിസി, ചാനല്‍ ഫോര്‍ യുകെ തുടങ്ങിയവയ്ക്കായി നിരവധി ഡോക്യുമെന്ററികള്‍ നിര്‍മിച്ചിട്ടുണ്ട്. ഇതില്‍ത്തന്നെ ശിവാസ് ഡിസൈപ്പിള്‍സ് എന്ന ഡോക്യുമെന്ററി ലോകപ്രശസ്തമാണ്.

സൈമണോടൊപ്പം ഭാര്യ ഗീതാഞ്ജലിയും ഈ പ്രവര്‍ത്തനങ്ങളിലെല്ലാം പങ്കാളിയാണ്. എഴുത്തുകാരിയായും ഗവേഷകയായും നിര്‍മാതാവായും അവരാണ് ഈ ഡോക്യുമെന്ററികളുടെ എല്ലാം പിന്നിലുള്ള ശക്തിയായി പ്രവര്‍ത്തിക്കുന്നത്.