മാര്‍ ജേക്കബ് അങ്ങാടിയത്ത് സപ്തതി നിറവില്‍
Wednesday, October 21, 2015 8:19 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ മെത്രനായി മാര്‍ ജേക്കബ് അങ്ങാടിയത്ത് ദൈവ മഹത്വത്തിനായി സമര്‍പ്പിക്കപ്പെട്ട കര്‍മനിരതമായ ജീവിതത്തില്‍ ഒക്ടോബര്‍ 26നു എഴുപതു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു.

1985-ല്‍ അമേരിക്കയില്‍ അജപാലന ശുശ്രൂഷയ്ക്ക് എത്തിയതുമുതല്‍ നാളിതുവരെ ദൈവം ഭരമേല്‍പിച്ച ഉത്തരവാദിത്വങ്ങള്‍ ദൈവമഹത്വത്തിനായി നിറവേറ്റാന്‍ ഔത്സുക്യം കാണിച്ച കര്‍മനിരതനായ ഒരു അജപാലകനെയാണ് മാര്‍ ജേക്കബ് അങ്ങാടിയത്തില്‍ കാണുവാന്‍ സാധിക്കുക. 2001-ല്‍ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ബിഷപ്പായി ഉത്തരവാദിത്വം ഏറ്റെടുത്ത നാള്‍ മുതല്‍ തന്റെ അജപാലന ശുശ്രൂഷയിലൂടെ രുപതയ്ക്ക് കൈവന്നിട്ടുള്ള നേട്ടങ്ങള്‍ ദൈവമഹത്വത്തിനായി പിതാവ് ചെയ്ത വലിയ കാര്യങ്ങളുടെ ജീവിക്കുന്ന സാക്ഷ്യങ്ങളാണ്.

അമേരിക്കയിലെ സീറോ മലബാര്‍ സഭാംഗങ്ങളുടെ വിശ്വാസ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നിരവധി പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ജേക്കബ് പിതാവിനു സാധിച്ചു. 2001-ല്‍ വെറും രണ്ട് ഇടവകകളും ആറു മിഷനുകളുമായി ആരംഭംകുറിച്ച ഷിക്കാഗോ സീറോ മലബാര്‍ സഭ 14 വര്‍ഷങ്ങള്‍കൊണ്ട് നേടിയിരിക്കുന്ന വളര്‍ച്ച അത്ഭുതകരമാണ്. ഇന്നു രൂപതയ്ക്ക് അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി 36 ഇടവകകളും 37 മിഷനുകളും ഉണ്ട്.

കഴിഞ്ഞ 14 വര്‍ഷക്കാലം കാനഡയിലെ സീറോ മലബാര്‍ സമൂഹത്തിന്റെ അപ്പസ്തോലിക വിസിറ്റേറ്ററായി ചുമതല നിര്‍വഹിച്ച മാര്‍ അങ്ങാടിയത്ത് അജപാലന പ്രവര്‍ത്തനങ്ങളുടെ ഫലമാണ് രൂപത സ്ഥാപനത്തിനു മുന്നൊരുക്കമായി കാനഡയില്‍ എക്സാര്‍ക്കേറ്റ് സംവിധാനത്തിനു രൂപംകൊടുക്കാന്‍ സാധിച്ചത്.

നാളിതുവരെ ദൈവം നല്‍കിയിട്ടുള്ള അനുഗ്രഹങ്ങള്‍ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ട് ഒക്ടോബര്‍ 25നു (ഞായര്‍) രാവിലെ 11 ന് മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൃതജ്ഞതാബലിയര്‍പ്പണം ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം