നവരാത്രി ഉത്സവം: ഡാളസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പൂജവയ്പ് നടത്തി
Wednesday, October 21, 2015 6:56 AM IST
ഡാളസ്: ഡാളസിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വിദ്യാരംഭത്തിനു മുന്നോടിയായി പൂജവയ്പ് നടത്തി. നവരാത്രി ദിനങ്ങളിലുടനീളം ദേവീ പൂജയും ചുറ്റുവിളക്കും ലളിതാ സഹസ്ര നാമവും ക്ഷേത്ര മേല്‍ശാന്തി നീലമന വിനയന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്നു.

കേരള ഹിന്ദു സൊസൈറ്റിയിലെ അമ്മമാര്‍ നിലവിളക്കു തെളിച്ച് ഉദ്ഘാടനം ചെയ്ത കലോപാസനകളില്‍ മൂന്നു ദിവസങ്ങളിലായി 33 സംഘങ്ങള്‍ പങ്കെടുത്തു. വെളളിയാഴ്ച വൈകുന്നേരം നടന്ന ആതിരരാവില്‍ ബാലിക ബാലന്‍മാരുള്‍പ്പെടെ ഒമ്പതുസംഘങ്ങള്‍ തിരുവാതിര അവതരിപ്പിച്ചു. സരസ്വതി മണ്ഡപത്തില്‍ പൂജയ്ക്കു വച്ച പുസ്തകങ്ങള്‍ വ്യാഴാഴ്ച രാവിലെ എടുത്ത് വിദ്യാരംഭം നടത്തുമെന്ന് കെഎച്ച്എസ് പ്രസിഡന്റ് ഗോപാലപിള്ള അറിയിച്ചു.

വിജയദശമി ദിനത്തില്‍ രാവിലെ ഏഴു മുതല്‍ കുട്ടികളെ എഴുത്തിനിരുത്തുന്ന ചടങ്ങുകള്‍ക്കു തുടക്കം കുറിക്കുമെന്ന് കെഎച്ച്എസ് ട്രസ്റി ചെയര്‍മാന്‍ ഹരി പിളള അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍