കാനഡയില്‍ ലിബറല്‍ പാര്‍ട്ടിക്കു വന്‍ വിജയം
Tuesday, October 20, 2015 7:44 AM IST
ടൊറേന്റോ: കാനഡയിലെ പാര്‍ലമെന്റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കാനഡ ലിബറല്‍ പാര്‍ട്ടിക്കു വിജയം. ഒക്ടോബര്‍ 19 നു 338 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലെയും ഫലം പുറത്തു വന്നപ്പോള്‍ 54 ശതമാനം സീറ്റുകള്‍ നേടി ജസ്റിന്‍ ട്രുടോയുടെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടി 184 സീറ്റുകള്‍ കരസ്ഥമാക്കി വ്യക്തമായ ഭൂരിപക്ഷം നേടി.

കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ ഹാര്‍പ്പറിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണത്തിനു വിരാമമിട്ടുകൊണ്ട് മൂന്നാം സ്ഥാനത്തുനിന്ന് ഒന്നാമതായി ലിബറല്‍ പാര്‍ട്ടി ചരിത്ര വിജയം കുറിച്ചത്. എല്ലാ പ്രൊവിന്‍സുകളിലും വ്യക്തമായ ഭൂരിപക്ഷവും ഏറ്റവും കൂടുതല്‍ വനിതാ പ്രാതിനിധ്യമുള്ള സര്‍ക്കാരും ലിബറല്‍ സര്‍ക്കാര്‍ ആയിരിക്കും.

പാര്‍ലമെന്റിലേക്കു ജനവിധി തേടിയ മലയാളികളായ ജോബ്സന്‍ ഈശോയും മുന്‍ എംപി ആയിരുന്ന ജോ ദാനിയലും പരാജയം ഏറ്റുവാങ്ങി. വിജയിച്ച 184 സീറ്റുകളില്‍ 88 വനിതകളുടെ പ്രാതിനിധ്യം എടുത്തു പറയേണ്ടുന്ന ഒന്നാണ്. ക്യുബക് മണ്ഡലത്തിലാണ് ജസ്റിന്‍ ജനവിധി തേടിയത്

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ടോം മുല്‍കിയര്‍ നയിക്കുന്ന പ്രതിപക്ഷമായ എന്‍ഡിപി 13 ശതമാനം സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടു. ഏറ്റവും കൂടുതല്‍ സീറ്റുകളിലേക്ക് മത്സരം നടന്ന ഒന്റാരിയോവില്‍ പല സിറ്റികളിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചു.

കഴിഞ്ഞ കാല സര്‍ക്കാരിന്റെ സാമ്പത്തിക വ്യാവസായിക നയങ്ങള്‍ക്കും ഇമിഗ്രേഷന്‍ നിയമങ്ങളില്‍ വരുത്തിയ കടുംപിടുത്തവും ആണ് ലിബറല്‍ പാര്‍ട്ടിയെ വിജയത്തില്‍ എത്തിച്ചതെന്നു പ്രമുഖര്‍ അഭിപ്രായപ്പെട്ടു.

ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായ ഇടിവും തൊഴില്‍ ഇല്ലായ്മയും തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ട്. ഹാര്‍പര്‍ സര്‍ക്കാരിന്റെ കാലത്തു നടന്ന പാര്‍ലമെന്റ് ആക്രമണത്തിന്റെ ഭാഗമായി വരുത്തിയ കര്‍ക്കശ നിയമങ്ങളില്‍ ഒരു വിഭാഗം കുടിയേറ്റ വോട്ടര്‍മാര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള