എറണാകുളം ജില്ലാ അസോസിയേഷന്‍ 'ഓണം ഫെസ്റ് 2015' സംഘടിപ്പിച്ചു
Tuesday, October 20, 2015 6:33 AM IST
കുവൈറ്റ്: എറണാകുളം ജില്ലാ അസോസിയേഷന്റെ 'ഓണം ഫെസ്റ് 2015' ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ഖൈത്താനില്‍ നടന്നു.

ഒക്ടോബര്‍ 16നു രാവിലെ 10നു നടന്ന വര്‍ണശബളമായ ഘോഷയാത്രയില്‍ ഇന്ത്യന്‍ എംബസി സെക്രട്ടറി എ.കെ. ശ്രീവാസ്തവ, ഡോ. നബൂരി, ഡി. ടൈറ്റസ് തുടങ്ങിയവര്‍ മഹാബലിയുടെയും ചെണ്ടമേളയുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ വേദിയിലേക്കു കടന്നു വന്നു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ ഇന്ത്യന്‍ എംബസി സെക്രട്ടറി എ.കെ. ശ്രീവാസ്തവ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുള്‍ റഹീം അധ്യക്ഷത വഹിച്ചു. ഡോ. നബൂരി, ഡി. ടൈറ്റസ്, ഫൂഷന്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സോണി, നോര്‍ക്ക ബോര്‍ഡ് ഡയറക്ടര്‍ ഷറഫുദീന്‍ കണ്ണേത്ത്, ഷീന ജീവന്‍, റോയ് യോയാക്കി, സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ബാബുരാജ് സ്വാഗതവും ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ബാബു ചുള്ളി നന്ദിയും പറഞ്ഞു.

അസോസിയേഷന്റെ ഈ വര്‍ഷത്തെ ജീവകാരുണ്യപ്രവര്‍ത്തനമായ കൊച്ചി അഴിമുഖത്തുണ്ടായ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള സാമ്പത്തിക സഹായ ഫണ്ടിലേക്കു സാല്‍മിയ യൂണിറ്റിന്റെ ചെക്ക് കണ്‍വീനര്‍ സാബു പൌലോസ്, വൈസ് പ്രസിഡന്റ് ജിയോ മത്തായിക്കു നല്‍കി ഉദ്ഘാടനം ചെയ്തു. ഫൂഷന്‍ ഗ്രൂപ്പ് എംഡി സോണി 50,000 രൂപയുടെ ചെക്ക് വേദിയില്‍ കൈമാറി. സുവനീര്‍ പ്രകാശനം ഡോ. നബൂരി മുഖ്യാതിഥി എ.കെ. ശ്രിവാസ്തവയ്ക്കു നല്‍കി ഉദ്ഘാടനം ചെയ്തു.

തുടര്‍ന്നു പ്രോഗ്രാം കണ്‍വീനര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ വിഭിന്നമായ കലാപരിപാടികള്‍ കാണികള്‍ക്കു ദൃശ്യവിരുന്നായി. സിജിത രാജേഷിന്റെ നേതൃത്വത്തില്‍ 'തംബുരു മ്യൂസിക്, കുവൈറ്റ്' ഏഴു വീണകളുടെ സംയുക്ത സംഗീത സംഗമം വേറിട്ട അനുഭവമായി. ജാഫര്‍ ഇടുക്കി, ഉല്ലാസ് പന്തളം എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച സൂപ്പര്‍ മെഗാ ഷോയും ഡിലൈറ്റെസ് രതീഷ്, അംബിക രാജേഷ് ടീമിന്റെ ഗാനമേളയും കാണികള്‍ക്കു വ്യത്യസ്തമായ അനുഭവമായിരുന്നു. ആഘോഷത്തോടനുബന്ധിച്ചു ഓണസദ്യയും നടന്നു.

ജിനോ എം. കുഞ്ഞ്, തങ്കച്ചന്‍ ജോസഫ്, ടി.കെ. സതീഷ്, പ്രസാദ്, ജോസഫ് കൊബാറ, താജൂദീന്‍, ഫ്രാന്‍സിസ്, കൃഷ്ണന്‍ ഉണ്ണി, സ്റാന്‍ലി, ജീസണ്‍ ജോസഫ് എന്നിവര്‍ ആഘോഷപരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍