സൂസന്‍ ഡാനിയേല്‍ മെമ്മോറിയല്‍ കാന്‍സര്‍ റിലീഫ് ഫണ്ട് മുപ്പതാം വാര്‍ഷികം ആഘോഷിച്ചു
Monday, October 19, 2015 6:26 AM IST
ലോസ് ആഞ്ചലസ്: കഴിഞ്ഞ മുപ്പതു വര്‍ഷമായി കേരളത്തിലെ കാന്‍സര്‍ രോഗികള്‍ക്കു സാമ്പത്തികസഹായം നല്‍കിവരുന്ന 'സൂസന്‍ ഡാനിയേല്‍ മെമ്മോറിയല്‍ കാന്‍സര്‍ റിലീഫ് ഫണ്ട്' സേവനത്തിന്റെ മുപ്പതാമത് വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. ഒക്ടോബര്‍ 17നു (ശനി) വൈകുന്നേരം ആറിനു ലോസ്ആഞ്ചലസിലെ ഷെറാട്ടന്‍ സെരിട്ടോസ് ഹോട്ടലില്‍ ആയിരുന്നു പരിപാടികള്‍.

ചെയര്‍മാന്‍ മാത്യു ഡാനിയേല്‍ സ്വാഗത പ്രഭാഷണം നടത്തി. കഴിഞ്ഞ മുപ്പതുവര്‍ഷങ്ങളില്‍ സംഘടന നടത്തിയ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത രൂപം അദ്ദേഹം നല്‍കി. 1985ല്‍ തിരുവനന്തപുരം ആര്‍സിസിയിലെ ഒരു രോഗിക്കു നല്‍കിയ ധനസഹായത്തോടെ തുടങ്ങിയ പ്രവര്‍ത്തനം ഇന്നു മുന്നൂറിലധികം പേരിലെത്തി നില്‍ക്കുന്നുവെന്നു പറഞ്ഞ അദ്ദേഹം തുടക്കം മുതല്‍ സംഘടനയെ സഹായിച്ചുവരുന്ന എല്ലാവരെയും അനുസ്മരിച്ചു.

തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍, തൃശൂര്‍ അമല ഹോസ്പിറ്റല്‍, കോട്ടയം കാരിത്താസ്, കോഴിക്കോട് മെഡിക്കല്‍ കോളജ് തുടങ്ങിയ ആശുപത്രികളിലെ രോഗികള്‍ക്കു സഹായം ലഭ്യമാക്കുന്നതിനുപുറമേ അമലയിലും കരിത്താസിലും കിടക്കകളും സ്പോണ്‍സര്‍ ചെയ്യുന്നുണ്ട്. സാമ്പത്തിക സഹായത്തിനു അര്‍ഹരായ രോഗികളെ തെരഞ്ഞെടുക്കുന്ന രീതിയും സഹായ വിതരണത്തിലെ പ്രതിബന്ധങ്ങളും പ്രസിഡന്റ് ഏബ്രഹാം മാത്യു വിവരിച്ചു. സംഘടനയുടെ ആദ്യകാല സഹയാത്രികരെ ആദരിച്ച ചടങ്ങില്‍ സെക്രട്ടറി ജയ് ജോണ്‍സന്‍ ധനശേഖരണം വന്‍ വിജയമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു. ആഘോഷങ്ങളോടനുബന്ധിച്ചു സംഗീത നൃത്ത പരിപാടികളും നടന്നു.

റിപ്പോര്‍ട്ട്: സന്ധ്യ പ്രസാദ്