നവോദയ റിയാദ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍
Monday, October 19, 2015 5:38 AM IST
റിയാദ്: ഇടതുപക്ഷ ജനാധിപത്യ സഖ്യ സ്ഥാനാര്‍ത്ഥികളെ ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുന്നതിനും കേരളത്തിലെ അഴിമതിയില്‍ മുങ്ങിക്കുളിച്ച യുഡിഎഫ് ഭരണത്തിനു ശക്തമായ താക്കീതു നല്‍കുന്നതിനും ആഹ്വാനം ചെയ്തു റിയാദില്‍ നവോദയ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി. കണ്‍വെന്‍ഷന്‍ ഫോണ്‍ ഇന്‍ വഴി സിപിഎം പോളിറ്റ് ബ്യൂറോ മെംബറും മുന്‍മന്ത്രിയുമായ എം.എ ബേബി ഉദ്ഘാടനം ചെയ്തു. അധികാര വികേന്ദ്രീകരണത്തിലൂടെ പരമാവധി ഭരണം സാധാരണ ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ഇഎംഎസിന്റെ ഭരണകാലത്താണു ത്രിതല പഞ്ചായത്ത് ഭരണസംവിധാനം ആദ്യമായി നടപ്പാക്കിയതെന്നും എല്‍ഡിഎഫ് ഭരണത്തിലിരിക്കുമ്പോഴെല്ലാം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തിയിട്ടുണ്െടന്നും എം.എ ബേബി പറഞ്ഞു. നവോത്ഥാന നായകന്‍മാര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ തകര്‍ത്ത് അഴിമതിയില്‍ മുങ്ങിക്കുളിച്ച കേരളം ഗുരുതരമായ ഫാഷിസ്റ്റ് വ്യവസ്ഥിതിയുടെ പിടിയിലമരുന്ന കാഴ്ചയാണ് ഇന്ന് കാണാന്‍ കഴിയുന്നത്. ഇത് അനുവദിച്ചു കൊടുക്കാന്‍ പാടില്ലെന്നും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും എം.എ ബേബി പറഞ്ഞു.

നിലവിലുള്ള രണ്ട് മുന്നണികള്‍ക്ക് പുറമെ ജനങ്ങളെ ജാതീയമായും വര്‍ഗീയമായും വിഭജിച്ച് വോട്ടുകള്‍ നേടാനുള്ള ശ്രമങ്ങളുമായി വിഷവിത്തുകള്‍ പാകുന്നവരുടെ ദുഷ്ടലാക്ക് തിരിച്ചറിയാന്‍ വൈകിക്കൂടെന്നും അതിനെതിരെ തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കേണ്ടത് ഇടതുപക്ഷ ജനാധിപത്യ വിശ്വാസികളുടെ കടമയാണെന്നും യോഗത്തില്‍ സംസാരിച്ച ന്യൂ ഏജ് പ്രതിനിധി സക്കീര്‍ വടക്കുംതല പറഞ്ഞു. ജനാധിപത്യ ഇന്ത്യയില്‍ ജനങ്ങളുടെ അവകാശങ്ങള്‍ ഹനിച്ചു കൊണ്ട് കടന്നു വന്നിരിക്കുന്ന സാംസ്കാരിക ഫാഷിസത്തിനെതിരെ ഒന്നിച്ചു നില്‍ക്കണമെന്നും നാം എന്ത് കഴിക്കണം, എന്ത് എഴുതണം, എന്ത് പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കാനുള്ള പൌരന്റെ കടമയുടെ കടയ്ക്കല്‍ കത്തി വെക്കുന്ന ഫ്യൂഡല്‍ ചിന്തകള്‍ക്കെതിരെ ആയിരിക്കണം ഇത്തവണ വോട്ട് രേഖപ്പെടുത്തേണ്ടതെന്നും എഴുത്തുകാരനായ ജോസഫ് അതിരുങ്കല്‍ അഭിപ്രായപ്പെട്ടു.

ഭൂരിപക്ഷ വര്‍ഗീയതേയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരുപോലെ എതിര്‍ത്ത് ജനപക്ഷ രാഷ്ട്രീയമായ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്കായി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും സുധാകരന്‍ പറഞ്ഞു. ആള്‍ ദൈവങ്ങള്‍ മതതീവ്രവാദികളെ സൃഷ്ടിക്കുന്ന റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളാണെന്നും സാംസ്കാരികകേരളത്തിന് ഇതു നാണക്കേടാണെന്നും ഉദയഭാനു പറഞ്ഞു.

നവോദയ പ്രസിഡന്റ് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി അന്‍വാസ്, വൈ. പ്രസിഡന്റ് പൂക്കോയ തങ്ങള്‍ തുടങ്ങിയവരും സംസാരിച്ചു. അഹമ്മദ് മേലാറ്റൂര്‍ സ്വാഗതവും ജയകുമാര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍