പൌരോഹിത്യ ജൂബിലി നിറവില്‍ ഫാ. എം.കെ. കുര്യാക്കോസ്
Thursday, October 15, 2015 8:12 AM IST
ഫിലാഡല്‍ഫിയ: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി ഫാ. എം.കെ. കുര്യാക്കോസിന്റെ ഈ വര്‍ഷത്തെ പൌരോഹിത്യ ശുശ്രൂഷയുടെ ആഘോഷം ഫിലാഡല്‍ഫിയയില്‍ നടക്കും.

ഒക്ടോബര്‍ 18നു (ഞായര്‍) സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വൈകുന്നേരം 4.30ന് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ നിക്കളോവസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കുമെന്ന് സെക്രട്ടറി മാത്യു സാമുവല്‍ അറിയിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി ബിനോയ് ചാക്കോയുടെ നേതൃത്വത്തില്‍ മ്യൂസിക്കല്‍ കണ്‍സേര്‍ട്ടും ഭാരവാഹികള്‍ ഒരുക്കുന്നുണ്ട്. ബിജു ഏബ്രഹാം, ശാലിനി എന്നിവരും ഗാനങ്ങള്‍ ആലപിക്കും.

കേരളത്തില്‍ സൂല്‍ത്താന്‍ ബത്തേരിയില്‍ കൊലിയാടിയില്‍ മടത്തിക്കുടിയില്‍ കോരയുടെയും അന്നമ്മയുടെയും പുത്രനായി 1948 ജൂലൈ 15-നാണ് ജനനം. സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് സ്കൂളിലും സെന്റ് മേരീസ് കോളജില്‍ പ്രീഡിഗ്രി വിദ്യാഭ്യാസവും കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ വൈദിക പഠനവും യുണൈറ്റഡ് തിയോളജിക്കല്‍ കോളജില്‍നിന്നും ബിഡി ബിരുദവും തുടര്‍ന്നു മാസ്റര്‍ ഓഫ് തിയോളജിയില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1970 ഏപ്രില്‍ 21നു ഓര്‍ത്തഡോക്സ് സഭയിലെ ഡീക്കനായും 1975 ഓഗസ്റ് 31നു പട്ടക്കാരനായും അഭിഷിക്തനായി. തുടര്‍ന്നു ബംഗളൂരു സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിലും സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിലും ന്യൂയോര്‍ക്കിലെ സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ചിലും വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2010ല്‍ റിട്ടയര്‍ ചെയ്ത ശേഷം ഫിലാഡല്‍ഫിയായില്‍ മുഴുവന്‍ സമയ പട്ടക്കാരനായി സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഭാര്യ: മേരി കുര്യാക്കോസ്. മക്കള്‍: ഡോ. അനുപമ, ഡോ. മറിയ. മരുമക്കള്‍: അജു ജേക്കബ്, ഡോ. ഷാജി ഫിലിപ്പ്.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി