വാഹനാപകടത്തല്‍ പരിക്കേറ്റ മലയാളി ഡോക്ടര്‍ മരിച്ചു
Thursday, October 15, 2015 5:23 AM IST
റിയാദ്: പത്തു ദിവസം മുന്‍പ് റിയാദിലെ മലസില്‍ റോഡ് മുറിച്ചു കടക്കവെ അജ്ഞാത വാഹനമിടിച്ചു ഗുരുതരമായി പരിക്കേറ്റ് സെക്യൂരിറ്റി ഫോഴ്സ് ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്ന മലപ്പുറം ജില്ലയിലെ കൊണ്േടാട്ടിക്കടുത്തു പള്ളിക്കല്‍ ബസാര്‍ സ്വദേശി ഡോ. അഷ്റഫ് തരുവാര (48) ബുധനാഴ്ച രാവിലെ മരിച്ചു. മസ്തിഷ്ക മരണം നേരത്തെ സംഭവിച്ചിരുന്ന ഡോ. അഷ്റഫിനെ രക്ഷപ്പെടുത്താനുള്ള സാധ്യതകള്‍ കുറവാണെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നതായി അപകട വിവരമറിഞ്ഞത് മുതല്‍ എല്ലാ സഹായത്തിനും കൂടെയുള്ള സുഹൃത്തും ഒഐസിസി നേതാവുമായ നൌഫല്‍ പാലക്കാടന്‍ പറഞ്ഞു.

പരേതനായ തരുവാര മൊഹിയുദ്ദീന്റേയും അരിപ്ര സ്വദേശി ഖദീജയുടേയും മകനായ ഡോ. അഷ്റഫ് കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിലും ജിദ്ദയിലെ ഒരു സ്വകാര്യ ക്ളിനിക്കിലും നേരത്തെ ജോലി ചെയ്തിട്ടുണ്ട്. ആതുരസേവനത്തില്‍ നിന്നും മാറി കുറച്ച് കാലമായി റിയാദിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയായ അല്‍ അഹ്റാബിന്റെ കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 23 വര്‍ഷമായി സൌദി അറേബ്യയിലുള്ള അദ്ദേഹം മികച്ച ഒരു സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു. കണ്ണൂര്‍ സ്വദേശിനി ഹസ്രത്ത് ജമീലയാണ് ഭാര്യ. എഞ്ചിനീയറിംഗ് ബിരുദധാരിയായ അബ്ദുള്ള മുഫ്ലീഹ്, വിദ്യാര്‍ത്ഥികളായ നതൂന ഫാത്വിമ, ബിലാല്‍ അഷ്റഫ്, ഹംന ഖദീജ എന്നിവര്‍ മക്കളാണ്.

കഴിഞ്ഞ നാല് വര്‍ഷമായി നാട്ടില്‍ പോയിട്ടില്ലാത്ത ഡോ. അഷ്റഫിന്റെ കുടുംബം നാട്ടിലാണ്. ഏറെ ബാധ്യതകളുള്ള കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്ത് നടത്തിയിരുന്ന ഡോ. അഷ്റഫിന്റെ ആകസ്മിക മരണം കുടുംബത്തേയും സുഹൃത്തുക്കളേയും ബന്ധുക്കളേയും നാട്ടുകാരേയും ദുഃഖത്തിലാഴ്ത്തി. മൃതദേഹം റിയാദില്‍ മറവു ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍