ജയശങ്കര്‍ പിള്ളയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു
Wednesday, October 14, 2015 5:24 AM IST
ന്യൂയോര്‍ക്ക്: ഇന്തോ-അമേരികന്‍ പ്രസ് ക്ളബ് സംഘടിപ്പിച്ച ആഗോള മാധ്യമ സമ്മേളനത്തില്‍ ജയശങ്കര്‍ പിള്ളയുടെ കവിതാ സമാഹാരം 'നിഴലുകള്‍' പ്രകാശനം ചെയ്തു.

ഒക്ടോബര്‍ 10നു വൈകുന്നേരം ഏഴിനു നടന്ന സമ്മേളനത്തില്‍ എന്‍ടിവിയുഎഇ വൈസ് പ്രസിഡന്റ് പ്രതാപ് നായര്‍, കേരള റോഡ് ഫ്രണ്ട് ചെയര്‍മാന്‍ സജി ഡൊമിനിക് എന്നിവര്‍ ചേര്‍ന്നാണു പ്രകാശന കര്‍മം നിര്‍വഹിച്ചത്.

സമാലിക സംഭവങ്ങളുടെ സമാനതകള്‍ വരികളിലൂടെ ചിത്രീകരിച്ചിരിക്കുന്ന 22 കവിതകള്‍ അടങ്ങുന്ന സമാഹാരം ഒരു സാധാരണ പ്രവാസ കവിതകളില്‍ നിന്നു വ്യത്യസ്തത പുലര്‍ത്തുന്നതാണെന്നു സജി ഡൊമിനിക്കും ഗാന്ധിജിയില്‍ തുടങ്ങി പ്രണയത്തില്‍ അവസാനിക്കുന്ന കവിതകള്‍ ഒരു സാധാരണ മനുഷ്യന്റെ രാജ്യ സ്നേഹത്തേയും മാനുഷിക കുടുംബബന്ധങ്ങളുടെയും നിഴലുകള്‍ തന്നെ യാണെന്നും പ്രതാപ് നായര്‍ അഭിപ്രായപ്പെട്ടു.

നിഴലുകള്‍ എന്ന കവിതാ സമാഹാരത്തിനു പുറമേ പ്രവാസ നൊമ്പരം, മുമ്പേ പോയവന്‍ എന്ന കഥകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളില്‍ നേതൃസ്ഥാനം വഹിക്കുന്ന ജയ് പിള്ള ഇന്തോ-അമേരിക്കന്‍ പ്രസ് ക്ളബ് കാനഡയുടെ പ്രസിഡന്റു കൂടി ആണ്. കൂടികാഴ്ചകള്‍, സമകാലികം എന്നിങ്ങനെ രണ്ടു ലേഖനങ്ങളുടെ പണിപ്പുരയിലാണു ജയ്ശങ്കര്‍.