ഒഐസിസി ജിദ്ദയുടെ 'എന്റെ പഞ്ചായത്ത് പേജ്' തുടങ്ങി
Monday, October 12, 2015 5:52 AM IST
ജിദ്ദ: പഞ്ചായത്തു തെരഞ്ഞെടുപ്പു പ്രചാരണം സാമൂഹ്യ മാധ്യമങ്ങളിലുടെ പ്രവാസികള്‍കിടയില്‍ ശക്തമാക്കുന്നതിനായി നുതന ആശയങ്ങളുമായി ഒഐസിസി ജിദ്ദ റീജണല്‍ കമ്മിറ്റി ആദ്യ പടിയായി 'എന്റെ പഞ്ചായത്ത്' എന്ന ശീര്‍ഷകത്തില്‍ ഫേസ്ബുക്ക് പേജു തുറന്നു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ അബ്ദുള്‍ റഹീം ഇസ്മില്‍ പേജ് പുറത്തിറക്കി.

പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ഥികളെ അറിയുവാനും തങ്ങളുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തെ കുറിച്ചുള്ള സംശയ നിവാരണം നടത്തുവാനും ഈ പേജിലൂടെ സാധിക്കും. ഇതു നിരീഷിക്കുന്നതിനും ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്നതിനുമായി ഷറഫുദ്ദീന്‍ കായകുളം ജനറല്‍ കണ്‍വീനറും മനോജ് അടൂര്‍ കണ്‍വീനറായും ഉള്ള 25 അംഗ കമ്മിറ്റി പ്രവര്‍ത്തിക്കും. സമാനമാതൃകയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ ലഭ്യമാകുന്ന ആപ്ളിക്കേഷന്‍ പുറത്തിറക്കുവാനുള്ള തയാറെടുപ്പിലാണ്.

ചടങ്ങില്‍ റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ റഷീദ് കൊളത്തറ, സമദ് കിന്നാശേരി, സാക്കിര്‍ ഹുസൈന്‍ എടവണ്ണ, തക്ബീര്‍ പന്തളം, പി.പി. ഹാഷീം, അനില്‍കുമാര്‍ പത്തനംതിട്ട, സഹീര്‍ മാഞ്ഞാലി, കുഞ്ഞി മുഹമ്മദ് കോടശേരി, ബഷീര്‍ പരുത്തികുന്നന്‍, ദോസ്ത് അഷറഫ്, ശ്രുതസേനന്‍ കളരിക്കല്‍, ശ്രിജിത് ചാലാട്, ഉമ്മര്‍ കണ്ണൂര്‍ തുടങ്ങിവര്‍ സംബന്ധിച്ചു. പ്രവാസി സേവന കേന്ദ്ര കണ്‍വീനര്‍ അലി തെക്കുതോടു സ്വാഗതവും സെക്രട്ടറി മുജീബ് തൃത്താല നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍