ഐഎപിസി അന്താരാഷ്ട്ര മാധ്യമസമ്മേളനത്തിനു ഗംഭീര തുടക്കം
Sunday, October 11, 2015 3:22 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബ് (ഐഎപിസി)ന്റെ രണ്ടാമത് അന്താരാഷ്ട്ര മാധ്യമസമ്മേളനത്തിനു പ്രൌഢഗംഭീര തുടക്കം. ന്യൂയോര്‍ക്ക് ലോംഗ് ഐലന്‍ഡിലെ ക്ളാരിയോണ്‍ കോണ്‍ഫ്രന്‍സ് സെന്ററില്‍ നടന്ന ചടങ്ങ് ജനറല്‍ സെക്രട്ടറി വിനീത നായരുടെ സ്വാഗത പ്രസംഗത്തോടെയാണു തുടങ്ങിയത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭരണാധികാരികള്‍ക്കുവേണ്ടിയല്ല, ജനങ്ങള്‍ക്കു വേണ്ടിയാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കാത്ത മാധ്യമപ്രവര്‍ത്തകരുടെ നാടാണു കേരളം. അത്തരത്തില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്ന ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകര്‍ ഐഎപിസി എന്ന മാധ്യമ കൂട്ടായ്മയിലും ഉണ്െടന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. കേരളത്തിന്റെ വികസനത്തില്‍ പ്രവാസി മലയാളി മാധ്യമപ്രവര്‍ത്തകരുടെ പങ്ക് വളരെ വലുതാണ്. വികസനകാര്യത്തില്‍ പുരോഗമനപരമായ നിലപാടുകളെടുക്കുന്ന ഐഎപിസിയുടെ പിന്തുണ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തനം വിവിധതരത്തിലുള്ള ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്നകാലമാണിത്. തീവ്രവാദികളടക്കമുള്ളവരുടെ ഭീഷണി വകവയ്ക്കാതെയാണ് ഇന്നത്തെ മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ജോലി ചെയ്യുന്നതെന്നും മാധ്യമപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ട ഡാനിയല്‍ പേളിനെ സ്മരിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഐഎപിസിയുടെ മിനിസ്റര്‍ ഓഫ് എക്സലന്‍സ് അവാര്‍ഡ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഫോര്‍സെയിത്ത് മീഡിയ ഗ്രൂപ്പ് ചെയര്‍മാന്‍ കമലേഷ് മേത്തയില്‍നിന്ന് ഏറ്റുവാങ്ങി.

കേരളത്തിലെ പൈതൃകം വരും തലമുറയ്ക്ക് കൈമാറിക്കൊടുക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വളരെയേറെ പങ്ക് വഹിക്കാനുണ്െടന്ന് അധ്യക്ഷപ്രസംഗം നടത്തിയ ഐഎപിസി ചെയര്‍മാന്‍ ജിന്‍സ്മോന്‍ സക്കറിയ പറഞ്ഞു. എന്നാല്‍, അത്തരത്തിലുള്ള മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും കുറവ് കാര്യമായുണ്െടന്നും അത് പരിഹരിക്കുകയാണ് ഐഎപിസിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാസി മാധ്യമപ്രവര്‍ത്തകരുടെ വലിയ കൂട്ടായ്മയാണ് ഐഎപിസി ലക്ഷ്യം വയ്ക്കുന്നതെന്നും അതിന്റെ ഭാഗമായി ഓസ്ട്രേലിയ, യുകെ ചാപ്റ്ററുകളുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മികച്ച രീതിയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്ന ഐഎപിസി അംഗങ്ങളെ ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍ അഭിനന്ദിക്കുകയും പ്രസ്ക്ളബിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉയരത്തിലെത്തട്ടെയെന്നു ആശംസിക്കുകയും ചെയ്തു.

അമേരിക്കപോലുള്ള രാജ്യത്ത് ഇതുപോലുള്ള ഒരു മാധ്യമകൂട്ടായ്മ സംഘടിപ്പിച്ചതിലും അതിന്റെ പ്രവര്‍ത്തനത്തിലും പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയായ ദയാ ബായി സന്തോഷം പ്രകടിപ്പിക്കുകയും അംഗങ്ങളെ അനുമോദിക്കുകയും ചെയ്തു. കേരളത്തിലെ മാധ്യമസാന്ദ്രതയെക്കുറിച്ചും അവയുടെ അതിപ്രസരത്തെക്കുറിച്ചും ആശംസാപ്രസംഗം നടത്തിയ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ പറഞ്ഞു. മാധ്യമങ്ങള്‍ കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോര്‍സെയിത്ത് മീഡിയ ഗ്രൂപ്പ് ചെയര്‍മാന്‍ കമലേഷ് മേത്ത, തോമസ് കൂവള്ളൂര്‍, തിരുവനന്തപുരം പ്രസ്ക്ളബ് പ്രസിഡന്റ് ആര്‍. അജിത്കുമാര്‍, മലയാള മനോരമ പ്രത്യേക ലേഖകന്‍ സുജിത് നായര്‍, ദീപിക മുന്‍ എംഡി സുനില്‍ ജോസഫ് കൂഴമ്പാല, ജയ്ഹിന്ദ് ടിവിയുടെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ജെ.എസ്. ഇന്ദുകുമാര്‍, പ്രമുഖ ഡോക്യുമെന്ററി സംവിധായക ഗീതാഞ്ജലി കുര്യന്‍, സൌത്ത് ഏഷ്യന്‍ ടൈസ് മാനേജിംഗ് എഡിറ്റര്‍ പര്‍വീണ്‍ ചോപ്ര, റിപ്പോര്‍ട്ടര്‍ ടിവി സീനിയര്‍ ന്യൂസ് എഡിറ്റര്‍ അനുപമ വെങ്കിടേഷ്, പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ മാധ്യമ ഉപദേശകന്‍ സജി ഡൊമനിക്ക്, എന്‍ടിവിയുടെ യുഎഇ വൈസ് പ്രസിഡന്റ് പ്രതാപ് നായര്‍, കാനഡ ചാപ്റ്ററിന്റെ പിന്തുണ പ്രസിഡന്റ് ജയ്പിള്ള, ഐഎപിസിയുടെ വിവിധ ചാപ്റ്ററുകളെ പ്രതിനിധീകരിച്ച് ഷാജി രാമപുരം ( ടെക്സാസ്), ജയിംസ് കുരീക്കാട്ടില്‍ (മിഷഗണ്‍), ബാബു യേശുദാസ് (ഷിക്കാഗോ) രാജു ചിറമണ്ണില്‍ (ന്യൂയോര്‍ക്ക്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഫോമയുടെ എല്ലാവിധത്തിലുള്ള പിന്തുണയും ഐഎപിസിക്കുണ്ടാകുമെന്നു ഷാജി എഡ്വാര്‍ഡ് പറഞ്ഞു. മുഖ്യസ്പോണ്‍സറായ ബോബ് വര്‍ഗീസ് (വിന്‍സന്റ് ജൂവലേഴ്സ്), നെയിറ്റ് ബില്‍ഡേഴ്സ് എംഡി ജിബിന്‍ ജിയോ, ഇന്‍ഡോ അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ബി.മാധവന്‍ നായര്‍, ജോര്‍ജ് എബ്രഹം (ഐഎന്‍ഒസി), പോള്‍ കറുകപ്പിള്ളില്‍ (ഫൊക്കാന ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍), ലീല മാരേറ്റ് (ഫൊക്കാന വുമണ്‍സ് ഫോറം), തോമസ് ടി. ഉമ്മന്‍ (ഇന്ത്യന്‍ ക്രിസ്റിയന്‍ ഫോറം), പോള്‍ ചുള്ളിയില്‍ (വൈസ് മെന്‍), യു.എ. നസീര്‍, ജോജോ കൊട്ടാരക്കര (മഴവില്‍ എഫ്എം), ജോസ് വര്‍ഗീസ്, ജോര്‍ജ് തോമസ് ( ജിഎംടി അസോസിയേറ്റ്സ്), ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവരും ആശംസകള്‍ പറഞ്ഞു. ആനികോശി, ത്യാഗരാജന്‍ എന്നിവര്‍ എംസിമാരായിരുന്നു.

തനിക്ക് ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ അവാര്‍ഡാണ് ഐഎപിസിയുടെതെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. ഐഎപിസിയുടെ മിനിസ്റര്‍ ഓഫ് എക്സലന്‍സ് അവാര്‍ഡ് അന്താരാഷ്ട്രമീഡിയ കോണ്‍ഫ്രന്‍സില്‍ വച്ച് ഫോര്‍സെയിത്ത് മീഡിയ ഗ്രൂപ്പ് ചെയര്‍മാന്‍ കമലേഷ് മേത്തയില്‍നിന്ന് ഏറ്റുവാങ്ങിക്കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

റിപ്പോര്‍ട്ട്: രാജു ചിറമണ്ണില്‍